ഓരോ റിപ്പബ്ലിക്ക് ദിനവും ജനാധിപത്യ വ്യവസ്ഥയേയും ഭരണഘടനാധിഷ്ടിത ഭരണകൂടത്തേയും അഭിമാനത്തോടു കൂടി അഭിവാദ്യം ചെയ്യുന്നവരാണ് ഭാരതീയർ. സ്വാതന്ത്ര്യലബ്ധിയും തുടർന്നുള്ള അതിജീവനവും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. രാഷ്ട്ര പുനർനിർമ്മാണത്തിന്റെ സുപ്രധാനഘടകമാണ് അടിസ്ഥാന സൗകര്യ വികസനം. കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളും, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ , അതോരിറ്റികൾ , തുടങ്ങിയവ ടെണ്ടറുകളിലൂടെയാണ് വികസനപങ്കാളികളെ തെരഞ്ഞെടുക്കേണ്ടതു്.പൊതു പണം ഉപയോഗിച്ച് നടത്തപ്പെടുന്ന പ്രവർത്തികളുടെ ടെണ്ടറുകൾ ഭരണഘടനാധിഷ്ഠിതമാണെന്ന് സുപ്രീം കോടതി നിരവധി സന്ദർഭങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രയോഗികതലത്തിൽ പൊതു ടെണ്ടറുകളും അവയുടെ നടത്തിപ്പും എത്രമാത്രം ജനാധിപത്യപരമാണ്, ഭരണഘടനാധിഷ്ഠിതമാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കരാർ വ്യവസ്ഥകളിൽ മിക്കതും ഏകപക്ഷീയമാണ്. ഏകീകൃതവും സന്തുലിതവുമായ കരാർ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ,കരാറുകാർ മാത്രമല്ല,കേന്ദ പ്ലാനിംഗ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പും നീതി ആയോഗും കൺസ്ട്രക്ഷൻ ഇൻഡസ്ടീസ് ഡവലപ്പ്മെന്റ് കൗൺസിലും ദീർഘകാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ര കരാറുകളിലെ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കണമെന്നും ആവശ്യമുയരുന്നു. എന്നാൽ ഇപ്പോഴും കരാറുകൾ ഏകപക്ഷീയം തന്നെ. പലപ്പോഴും ടെണ്ടറുകൾ തന്നെ ഒഴിവാക്കപ്പെടുന്നു.
ഭരണഘടനാധിഷ്ഠിത കരാറുകളിൽ ഒരു കക്ഷി മറ്റൊരു കക്ഷിക്കുമേൽ തീരുമാനങ്ങൾ അടിച്ചേല്പിക്കുന്നതും , സ്വാഭാവിക നീതിപോലും നിഷധിക്കുന്നതും അനുവദിച്ചുകൂടാ. സംസ്ഥാന പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മാന്വലും എസ്.ബി.ഡി യും പുതുക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചു. ദേശിയ സെമിനാർ സംഘടിപ്പിച്ചു. പല ചർച്ചകളും തുടരുകയുമാണ്. എന്നാൽ ഏകീകൃതവും സന്തുലിതവുമായ വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്നതിന്റെ ലാഞ്ചന പോലും ഔദ്യോഗിക പക്ഷത്തു നിന്നും ഉണ്ടാകുന്നില്ല. ബിൽ തുകകൾ നൽകുന്നതിന് കരാറിൽ വൃക്തമായ വ്യവസ്ഥയുണ്ടാക്കുക, കരാറുകാരന്റെതല്ലാത്ത വീഴ്ചകൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് കരാറുകാരന് അർഹമായ നഷ്ടപരിഹാരം നൽകുക, ടെണ്ടറിനു ശേഷം ഉണ്ടാ കുന്ന അസാധാരണ വിലവർദ്ധനവിന് നഷ്ടപരിഹാരം നൽകുക, ലളിതമായ ഒരു തർക്ക പരിഹാര കമ്മീഷൻ രൂപീകരിക്കുക, തുടങ്ങി അവശ്യം വേണ്ട വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുമെന്ന് തോന്നുന്നില്ല. ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും വാചാലരാകുന്ന എല്ലാവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സൽഭരണം നടത്താനുള്ള ഇച്ഛാശക്തിയില്ലാതെ, ജനാധിപത്യത്തെക്കുറിച്ചും റിപ്പബ്ലിക്ക് ദിനത്തെക്കുറിച്ചും വാചാലമാകുന്നത് ഉചിതമല്ല.
വികാസ് മുദ്രയ്ക്കു വേണ്ടി
വർഗീസ് കണ്ണമ്പള്ളി.
Sir,
we are always with you in the fight for contractors. Please take the lead in protesting against the unjust increase of ₹8 per cubic foot for quarry materials without any valid basis.