കോഴിക്കോട്: ക്വാറി-ക്രഷർ ഉല്പന്നങ്ങളുടെയും ടാറിന്റെയും വിലവർദ്ധനവ് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. കോഴിക്കോട് പ്രസ്ക്ലബിൽ നടന്ന പത്ര സമ്മളനത്തിൽ സുബൈർ കൊളക്കാടൻ (ചെയർമാൻ, ബിൽഡേഴ്സ് അസോസിയേഷൻ & കോ-ഓർഡിനേഷൻ കമ്മിറ്റി) സിറാജുദ്ദിൻ ഇല്ലത്തൊടി (കൺവീനർ,നിർമ്മാണ വ്യവസായ സംഘടനകളുടെ കോ – ഓർഡിനേഷൻ കമ്മിറ്റി ) പി.ഗോപിനാഥൻ (സെക്രട്ടറി, ക്രെഡായി ) കെ.വി. സന്തോഷ് കുമാർ (ജില്ലാ പ്രസിഡന്റ് എ.കെ.ജി.സി.എ ) എഞ്ചിനീയർ കെ.ഷാജു (GRACE ) ,കെ.സലിം (LENSFED) എഞ്ചിനീയർ സുധീഷ് കുമാർ ( LENSFED) എഞ്ചിനീയർ സി.ജയറാം (ഇൻഡ്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ICI) എം.സി. മുഹമ്മ് അലി (എ.കെ.ജി.സി.എ) എന്നിവർ പ്രതിഷേധിച്ചു.
അനാവശ്യമായ നടപടിക്രമങ്ങൾ അടിച്ചേല്പിച്ചതു മൂലം സംസ്ഥാനത്തെ മൂവായിരത്തിൽ പരം ക്വാറികളിൽ ഇരുന്നൂറ് എണ്ണം പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് ചെറുകിട ക്വാറി ഉടമകളുടെ സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു അറിയിച്ചു. വൈദ്യുതി ചാർജ് വർദ്ധന പ്രതിസന്ധി രൂക്ഷമാക്കുന്നു. അയൽ സംസ്ഥാന ക്വാറി-ക്രഷർ യൂണിറ്റുകൾ പ്രതിസന്ധി മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്വാറി – ക്രഷർ ഉല്പന്നങ്ങളുടെ വിലകൾ നിയന്ത്രിക്കുന്നതിൽ ജില്ലാ കളക്ടർമാർ നിസഹായരാണെന്നും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എഞ്ചിനീയർ കെ.സതീശ് കുമാർ , കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. അശോകൻ, സെക്രട്ടറി സി. സജീഷ് എന്നിവർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ക്വാറികളും പ്രവർത്തിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്നും ക്വാറി ക്രഷർ ഉല്പന്നങ്ങളുടെ ക്ഷാമവും അന്യായ വിലക്കയറ്റവും പരിഹരിക്കുന്നതിന് മറ്റു മാർഗ്ഗമില്ലെന്നും അവർ പറഞ്ഞു.
ഒരു ക്വാറി പോലും ഇല്ലാത്ത ആലപ്പുഴ ജില്ലയിൽ ക്വാറി-ക്രഷർ ഉല്പന്നങ്ങളുടെ ക്ഷാമവും വിലക്കയറ്റവും രൂക്ഷമാണെന്നും പണികൾ നിറുത്തിവയ്ക്കേണ്ട സാഹചര്യമാണെന്നും കെ.ജി.സി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഇസ്മയിൽ പൂപ്പറമ്പ്, ജില്ലാ പ്രസിഡന്റ് കെ.കെ.ശിവൻ, സെക്രട്ടറി നൗഷാദ് അലി എന്നിവർ ആലപ്പുഴയിൽ അറിയിച്ചു. ക്വാറി- ക്രഷർ ഉടമകൾ, നിർമ്മാണ മേഖലയിലെ സംഘടനകൾ, എന്നിവരുടെ യോഗം വിളിച്ച്, ക്വാറി – ക്രഷർ ഉല്പന്നങ്ങളുടെ ക്ഷാമവും വിലക്കയറ്റവും പരിഹരി ക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി ഉടൻ തയ്യാറാകണമെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ ആവശ്യപ്പെട്ടു. ടാറിന്റെ വില നിയന്ത്രിക്കുകയോ വിലവ്യത്യാസം കരാറുകാർക്ക് നൽകയോ ചെയ്യുന്നില്ലെങ്കിൽ റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പണികൾ ഉൾപ്പെടെ നിലയ്ക്കുമെന്നും അദ്ദേഹം മുന്നറിയി പ്പ് നൽകി.
വികാസ് മുദ്രയ്ക്കുവേണ്ടി
അബ്ദുൾ ലത്തീഫ്
കോഴിക്കോട്.