തിരുവനന്തപുരം: പൊതു മരാമത്ത് മാന്വലും സ്റ്റാൻഡേർഡ് ബിഡ് ഡോകുമെന്റുകളും ലബോറട്ടറി മാന്വലും മറ്റും തയ്യാറാക്കുന്നതും അവയിൽ ഭേദഗതി വരുത്തുന്നതും പൊതുമരാമത്ത് വകുപ്പാണ്. പൊതു പണം ഉപയോഗിച്ച് സംസ്ഥാനത്ത് നടത്തപ്പെടുന്ന എല്ലാ നിർമ്മാണ പ്രവർത്തികളുടെയും നടത്തിപ്പിൽ ഇവ അടിസ്ഥാന ശിലകളാകണമെന്നാണ് വിവക്ഷ. പക്ഷേ പൊതുമരാമത്ത് വകുപ്പിനെ തന്നെ പാർശ്വവൽക്കരിച്ചു കൊണ്ട് അക്രെഡിറ്റഡ് ഏജൻസികളും കൂലിവേലക്കാരായ തൊഴിലാളികളുടെ പരസ്പര സഹായ സംഘങ്ങളെന്ന വ്യാജേന തട്ടിക്കുട്ടപ്പെടുന്ന സംഘങ്ങളും നിർമ്മാണ കരാർ മേഖലയുടെ മുഖ്യ കേന്ദ്രമായി മാറുകയാണ്.
1)വയനാട് ദുരന്ത ഭൂമിയിൽ, കരാറുകാരുടെ അപ്പക്സ് ബോഡിയായ ബിൽഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാലുകോടിയിലധികം രൂപ ചെലവിട്ട് ഒരു സ്ക്കൂൾ കെട്ടിടം പണിതുയർത്തിക്കൊണ്ടിരിക്കുകയാണ്. റൂഫ് ലവൽ കോൺക്രീറ്റിംഗ് പുർത്തിയായി. സർക്കാരിന് സൗജന്യമായി ലഭിക്കുന്ന ആദ്യ നിർമ്മിതിയാകും BAI യുടെ കെട്ടിടം. വയനാട് ദുരന്ത നിധിയിലേയ്ക്ക് ധാരാളം കരാറുകാർ സംഭാവന നൽകിയിട്ടുമുണ്ട്. എന്നിട്ടും ഒരു ടെണ്ടർ പോലും നടത്താതെ ഊരാളുകൽ സംഘത്തിന് 750 കോടിയുടെ വയനാട് പാക്കേജ് നൽകാനെടുത്ത തീരുമാനം ഖേദകരമാണ്. പൊതു മരാമത്ത് കെട്ടിട വിഭാഗത്തിലെ എഞ്ചിനീയറന്മാരും ഗവേഷണ സ്ഥാപനങ്ങളും കരാറുകാരും അയോഗ്യരാണോ? സുതാര്യ ടെണ്ടറുകളിലൂടെയല്ലേ, പദ്ധതി നിർവ്വഹണം നടക്കേണ്ടത്.?
2) ലൈസൻസ് ഫീസും സെക്യൂരിറ്റിയും മൂന്നിരട്ടിയാക്കിയത് , സാധാരണക്കാരായ കരാറുകാരോട് ചെയ്ത വലിയ ക്രൂരതയാണ്. അത് പിൻവലിക്കുന്നില്ലെങ്കിൽ, ഓരോ ക്ലാസ് കരാറുകാരനും ഏറ്റെടുക്കാവുന്ന സിംഗിൾ വർക്കിന്റെ പരിധിയും മൂന്നിരട്ടിയാക്കേണ്ടതല്ലേ?
3) എ.ഇ. മുതൽ വകുപ്പ് സെക്രട്ടറി വരെ പരിശോധിച്ച് തീർപ്പു കല്പിച്ചതും വകുപ്പുമന്ത്രിയുടെ അംഗീകാരത്തോടു കൂടി ധനവകുപ്പിലേയ്ക്ക് അയയ്ക്കുന്നതുമായ ഫയലുകളിൽ ,അന്തിമ തീർപ്പ്, ഫലത്തിൽ CTE എന്ന ഉദ്യോഗസ്ഥന്റേത് മാത്രമാകുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടാകുന്നത്. സാങ്കേതിക കാര്യങ്ങളിൽ അതത് ചീഫ് എഞ്ചിനീയറന്മാരും പ്രത്യേക സാഹചര്യങ്ങളിൽ ചീഫ് എഞ്ചിനീയറന്മാരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതികളുമായിരിക്കണം അന്തിമ തീരുമാനം എടുക്കേണ്ടത്. സാങ്കേതിക സമിതിയിൽ CTE കൂടി അംഗമായാലും തരക്കേടില്ല. ഭരണപരമായ കാര്യങ്ങളിൽ വകുപ്പുമന്ത്രിക്കുമുകളിൽ CTE എന്ന ഒരു ഉദ്യോഗസ്ഥൻ തീരുമാനമെടുക്കുന്നത് നാണക്കേടാണ്. പല നല്ല നിർദ്ദേശങ്ങളും പദ്ധതികളും വൈകുകയാ ഇല്ലാതാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
4) പ്രവർത്തികളുടെ നടത്തിപ്പിൽ സുതാര്യതയും ഫലപ്രദമായ പരിശോധനകളും അനിവാര്യമാണ്. എന്നാൽ അത്തരം പരിശോധനകൾ പണികളുടെ സുഗമമായ നടത്തിപ്പിന് തടസമാകരുത്. പലപ്പോഴും അന്വേഷണങ്ങൾ നിരപരാധികളായ കരാറുകാരെ പോലും പീഡിപ്പിക്കുന്ന തരത്തിലാകുന്നുണ്ട്. എത്ര ഏജൻസികൾ വേണമെങ്കിലും അന്വേഷണങ്ങൾ നടത്തട്ടേ. അവ കൺകറന്റാകണം. അന്വേഷണ പരമ്പര എന്ന രീതി പാടില്ല.
5) സന്തുലിതവും ഏകീകൃതവുമായ കരാർ വ്യവസ്ഥകളും (SBD) ഇന്ത്യയ്ക്കാകമാനം മാതൃകയായ ഒരു പൊതുമരാമത്ത് മാന്വലും തയ്യാറാക്കുന്നതിനു വേണ്ടി ഒരു അഖിലേന്ത്യാ സെമിനാർ നടത്തണമെന്ന കെ. ജി.സി.എയുടെ ആവശ്യം നടപ്പാക്കിയതിൽ അഭിനന്ദനങ്ങൾ.കെ.ജി.സി.എ ഉന്നയിച്ച പല നിർദ്ദേശങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത എഞ്ചിനീയറന്മാർ പോലും സ്വാഗതം ചെയ്തതാണ്. എന്നാൽ നിർദ്ദേശങ്ങൾ നടപ്പിലാകുമെന്ന പ്രതീക്ഷ നഷ്ടപെട്ടിരിക്കുന്നു.
6) ഏറ്റവും പുതിയDSR അല്ലെങ്കിൽ KSR നടപ്പിലാക്കപ്പെടുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുന്നു.
7) PWD കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകണം നല്ല തുടക്കമായിരുന്നു. എന്നാൽ ചർച്ചകൾ വഴിമുട്ടിയിരിക്കുന്നു. എടുത്ത തീരുമാനങ്ങളിൽ കുറെയെങ്കിലും നടപ്പാക്കായതിനുശേഷം മാത്രം മതി ഇനി PWDകോ-ഓർഡിനേഷൻ കമ്മിറ്റി യോഗം എന്ന നിലയിലേയ്ക്ക് അംഗങ്ങൾ എത്തിയിരിക്കുന്നു,. തികച്ചും അനിവാര്യമായ മേല്പറഞ്ഞപ്രശ്നങ്ങൾ കേരള സർക്കാരിനെ കൊണ്ട് പരിഹരിപ്പിക്കാൻ, അഖിലേന്ത്യാടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള അഡ്വ.പി.എ.മുഹമ്മദ് റിയാസിന് കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
വർഗീസ് കണ്ണമ്പള്ളി.