പൊതു നിർമ്മിതികളുടെ നടത്തിപ്പിൽ, എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും നിർമ്മാണ വകുപ്പുകളും മെച്ചപ്പെട്ട സഹകരണം ഉറപ്പുവരുത്തണമെന്ന് കോട്ടയം പത്താമുട്ടം സെൻ്റ് ഗിറ്റ് സ് എഞ്ചിനീയറിംഗ് കോളേജും കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.
നിർമ്മിതികളുടെ രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കപ്പെടുന്നതിനു മുൻപ് വിശദമായ എഞ്ചിനീയറിംഗ് സർവ്വേ അനിവാര്യമാണ്. വകുപ്പുകളുടെ പരിമിതികളും ഭരണപരമായ ഇടപെടലുകളും മൂലം സർവ്വേകൾ ഫലപ്രദമാകുന്നില്ല. പലപ്പോഴും അടിസ്ഥാന എഞ്ചിനീയറിംഗ് തത്വങ്ങളും നാട്ടറിവുകളും അവഗണിക്കപ്പെടുന്നു.
കരാർ ഉറപ്പിക്കപ്പെട്ടതിനു ശേഷം രൂപകല്പനകളിലും അടങ്കലുകളിലും മാറ്റങ്ങൾ വരുത്തേണ്ടി വരുന്നത് സാധാരണമാണ്. എന്നാൽ പിന്നീടുള്ള തിരുത്തലുകൾ ഒരിക്കലും പൂർണ്ണഫലം നൽകില്ല. പണികളുടെ നടത്തിപ്പിൽ കാലതാമസം നേരിടുന്നതിനും ഗുണമേന്മ ചോരുന്നതിനും ഇത് കാരണമാകുന്നു. എഞ്ചിനീയറിംഗ് സർവ്വേഫലങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടും രൂപകല്പന, വിശദമായ അടങ്കൽ എന്നിവയും ടെണ്ടർ രേഖകളുടെ ഭാഗമാക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി ചീഫ് എഞ്ചിനീയർ ആർ.എസ്. അനിൽകുമാർ സെമിനാർ ഉൽഘാടനം ചെയ്തു. സെൻ്റ് ഗിറ്റ്സ് കോളേജ് പ്രിൻസിപ്പൽ ഡോ .ടി . സുധ (പാലക്കാട് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ) അദ്ധ്യക്ഷത വഹിച്ചു. സിവിൾ എഞ്ചിനീയറിംഗ് മേധാവി ഡോ.സൂസൻ റോസ് സ്വാഗതം ആശംസിച്ചു. വർഗീസ് കണ്ണമ്പള്ളി, മനോജ് പാലാത്ര, ഡോ. എം.ഡി. മാത്യൂ. ( ഗവേഷണ വിഭാഗം ഡീൻ) റെജി. ടി. ചാക്കോ,ഷാജി ഇലവത്തിൽ എന്നിവർ പ്രസംഗിച്ചു.
റോഡുകളുടെ പ്ലാനിംഗ്, ഗുണമേന്മാ നിയന്ത്രണം, നടത്തിപ്പ് എന്നിവയെക്കുറിച്ച് എൽ.എസ്.ജി.ഡി. അസി. എഞ്ചിനീയർ റിഫിൻ .കെ. ജോൺ, ടാറിംഗ് പ്രവർത്തികളെക്കുറിച്ച് അസി.പ്രൊഫസർ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ്, ബില്ലിംഗ്, റിവൈസ്ഡ് എസ്റ്റിമേറ്റ്,സമയം ദീർഘിപ്പിക്കൽ, ലിക്യൂഡേറ്റഡ് ഡാമേജസ് എന്നിവയെക്കുറിച്ച് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിപ്സൺ ജോസ്, കോൺക്രീറ്റ് മിക്സ് ഡിസൈനിനെക്കുറിച്ച് പ്രൊഫസർ ഡോ നിവിൻ ഫിലിപ്പ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഓരോ സെഷനുകളിലും സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു.
സെൻ്റ് ഗിറ്റ്സിലെ സിവിൾ എഞ്ചിനീയറിംഗ് ലാബുകളിൽ പ്രായോഗിക പരിശീലനവും നടന്നു. സിവിൾ വിഭാഗം അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണം വിലപ്പെട്ടതായിരുന്നു.




