ജി.എസ്. ടി: കരാറുകാരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് കെ.ജി.സി.എ.

Share this post:

കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജി.എസ്. ടി. നിയമത്തിലും നടപടി ക്രമങ്ങളിലും മാറ്റങ്ങൾ വരുത്താനും കരാറുകാരടക്കമുള്ള സംരംഭകരുടെ പ്രയാസങ്ങൾ പരിഹരിക്കാനും തയ്യാറാകണമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന് കെ. ജി.സി.എ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

1) കരാറുകാരുടെ നികുതി ബാധ്യത.
പണി പൂർത്തിയായ തീയതി , ഇൻ വോയ്സ് നൽകിയ തീയതി, ബിൽ തുക ലഭിക്കുന്ന തീയതി എന്നിവയിൽ ആദ്യം സംഭവിക്കുന്നത് ഏതാണോ , പ്രസ്തുത തീയതി മുതൽ ഒരു മാസത്തിനുള്ളിൽ കരാറു കാർ ജി.എസ്.ടി വിഹിതം അടയ്ക്കണമെന്നാണ് നിയമം. ഇതു് കരാറുകാരെ സംബന്ധിച്ചിടത്തോളം പ്രയാസമുണ്ടാക്കുന്നതാണ്. പണി പൂർത്തിയായി മാസങ്ങളും ചിലപ്പോൾ വർഷങ്ങളും കഴിഞ്ഞാണ് കരാറുകാർക്ക് പണം ലഭിക്കുന്നതു്. അതിനാൽ ബിൽ തുക ലഭിക്കുന്നതിനു മുൻപ് ജി.എസ്. ടി വിഹിതം അടയ്ക്കുകയെന്നതു് ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്മൂലം കരാറുകാർ ബിൽ തുക ലഭിച്ച് ഒരു മാസത്തിനുള്ളിലാണ് ജി.എസ്. ടി. വിഹിതം അടയ്ക്കാറുള്ളളത്.
എന്നാൽ ഓഡിറ്റിംഗിൽ ഇത് വീഴ്ചയായി കണക്കാക്കി പല കരാറു കാർക്കും ഭീമമായ തുക പിഴ ചുമത്തിയിരിക്കുകയാണ്. അതിനാൽ ആദ്യത്തെ രണ്ടു തീയതികളും ഒഴിവാക്കി, ബിൽ തുക ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ എന്നു മാത്രമായി നിലനിറുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാർ കരാറുകാരെ പ്രത്യേക വിഭാഗമായി പരി ഗണിച്ച് നിയമ ഭേദഗതി ആവശ്യമാണ്.

2) ആംനെസ്റ്റി സ്കീം നടപ്പാക്കണം.
2017 ജൂലൈ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള, ജി.എസ്.ടിയുടെ ആദ്യ വർഷങ്ങളിൽ, സോഫ്ട് വെയർ തകരാർ, പരിശീലനത്തിന്റെയും ബോധവൽക്കരണ ത്തിന്റെയും അഭാവം, മാറി മാറിയുള്ള ഉത്തരവുകൾ,
തുടങ്ങിയവ മൂലം പല കരാറുകാർക്കും സമയബന്ധിതമായി നികുതി അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിമാസ റിട്ടേണുകളും വാർഷിക റിട്ടേണും സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായി.. മന: പർവ്വമല്ലാത്ത ഇത്തരം വീഴ്ചകളുടെ പേരിൽ കനത്ത പിഴയാണ് ചുമത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ മേൽ പറഞ്ഞ കാലയളവിലേയ്ക്ക് ഒരു ആംനെസ്റ്റി സ്കീം നടപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം നിരവധി കരാറുകാർ കടക്കെണിയാൽ പെട്ട് തൊഴിൽ ഉപേക്ഷിക്കേണ്ടിവരും.

3) ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് .
ഇപ്പോഴുള്ള നടപടി ക്രമങ്ങൾ കഠിനമാണ്. ആദ്യ ഡീലർ കരാറുകാരിൽ നിന്നും ശേഖരിച്ച നികുതി, അടയ്ക്കാതിരുന്നാൽ, കരാറുകാരന് ഇൻപുട്ട് ടാക്സ്‌ ക്രെഡിറ്റ് ലഭിക്കാത്ത സ്ഥിതി ഉണ്ടാകുന്നു. ഇത് അനീതിയാണ്. നികുതി വെട്ടിക്കുന്ന ഡീലറെ പ്രോക്സിക്യൂട്ട് ചെയ്യാനും നികുതി അടച്ച കരാറുകാരന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാനും നടപടി സ്വീകരിക്കണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിനുള്ള കാലപരിധി ഒഴിവാക്കണം.

4) പിഴകളുടെ നിരക്ക് ബാങ്ക് നിരക്കുകൾക്ക് തുല്യമാക്കണം.

5) കരാറുകാർക്ക് വകുപ്പിൽ നിന്നും അയയ്ക്കുന്ന എല്ലാ നോട്ടീസുകളും പോസ്റ്റൽ സംവിധാനത്തിൽ കൂടിയും നൽകണം

6). അപാകത സംഭവിച്ച റിട്ടേണുകൾ പുതുക്കി സമർപ്പിക്കുന്നതിന് അവസരം നൽകണം.

7) . നികുതി സംബന്ധിച്ച ഭേദഗതികൾ സാമ്പത്തിക വർഷാരംഭത്തിൽ നടത്തണം. ഇടയ്ക്കിടെ നികുതിയിൽ മാറ്റം വരുത്തുന്നതു് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

8) സംസ്ഥാന തല ജി.എസ്.ടി പരാതി പരിഹാര സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.

9) പ്രവർത്തികളിന്മേലുള്ള നികുതി ഭേദഗതി.

2022 ജനുവരി 1 മുതൽ സർക്കാർ വകുപ്പുകൾ ഒഴികെയുള്ള പൊതു സ്ഥാപനങ്ങളിലും (വാട്ടർ അതോരിറ്റി , കാഫ്ബി തുടങ്ങിയവ) 18 – 7- 2022 മുതൽ സർക്കാർ വകുപ്പുകളിലും നിർമ്മാണ പ്രവർത്തികളിമേലുള്ള നികുതി നിരക്ക് 12 ശതമാനത്തിൽ നിന്നും 18 ശതമാനമായി വർദ്ധിപ്പിച്ചു. വർദ്ധന പ്രാബല്യത്തിൽ വന്ന തീയതിക്ക് മുൻപ് പൂർത്തിയ പ്രവർത്തികൾക്കും ഇൻ വോയ്സ് നൽകിയ പ്രവർത്തികൾക്കും പഴയ നിരക്കും അല്ലാത്ത വയ്ക്ക് പുതിയ നിരക്കുമാണ് കരാറുകാർ നൽകേണ്ടത്. ജനുവരി ഒന്നിനോ ജൂലൈ 18 നോ അവസാന മെഷർ മെന്റ് രേഖപ്പെടുത്തിയ പ്രവർത്തിക്ക് പ്രസ്തുത ദിവസം തന്നെ ഇവോയ്സ് നൽകാൻ ആർക്കും കഴിയില്ല. ഫലത്തിൽ യഥാക്രമം ജനുവരി 1-നും ജൂലൈ 18 – നും മുൻപ് പൂർത്തിയ പല പ്രവർത്തികൾക്കും പുതിയ നിരക്കിൽ കരാറു കാർ ജി.എസ്.ടി. അടയ്ക്കണം. ആകയാൽ നികുതി വർധന നിലവിൽ വന്ന തീയതികൾക്കു മുൻപ് അവസാന മെഷർ മെന്റ് രേഖപ്പെടുത്തപ്പെട്ട ബില്ലുകളിൽ പഴയ നിരക്ക് അനുസരിച്ച് ജി.എസ്.ടി അടയ്ക്കാനുള്ള ഉത്തരവ് ഉണ്ടാകണം. ഇൻ വോയ്സ് നൽകിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം.

ഇംഗ്ലീഷിൽ നൽകിയ നിവേദനത്തിലെ പ്രധാന ഇനങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളതു്. തിരക്കിനിടയിലും ധനമന്ത്രിയുമായി കൂടി കാഴ്ചയ്ക്ക് അവസരം ഒരുക്കിയ ഭാരതീയ വിചാര കേന്ദ്രം ഭാരവാഹികളോടും ബി.ജെ.പി.നേതാവ് ശിവൻ കുട്ടിയോടും പ്രത്യേകനന്ദി രേഖപ്പെടുത്തുന്നു. കെ . അനിൽ കുമാർ , അഷറഫ് കടവിളാകം എന്നിവർക്കൊപ്പമാണ് നിവേദനം നൽകിയത്.

വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ്
കെ. ജി.സി. എ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *