ടാറിന് വില വ്യത്യാസം നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കുക

Share this post:

ടാറിന്റെ ടെണ്ടർ സമയത്തെ വിലയും വാങ്ങൽ തീയതിയിലെ വിലയും തമ്മിലുള്ള വ്യത്യാസം കരാർ തുകയിൽ പ്രതിഫലിക്കുന്ന രീതിയാണ് അഭികാമ്യം. വില വർദ്ധിച്ചാൽ കരാറു കാരന് അധിക തുക നൽകുക, വില കുറഞ്ഞാൽ കരാർ തുകയിലും കുറവ് വരുത്തുക. പണി തുടങ്ങി മാസങ്ങളും , ചിലപ്പോൾ വർഷങ്ങളും കഴിഞ്ഞായിരിക്കും ടാർ വാങ്ങേണ്ടി വരുക. വാങ്ങൽ സമയത്തെ വില എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലും ആർക്കും സാദ്ധ്യമാകില്ല. മാത്രമല്ല, ആരെങ്കിലും ഊഹിച്ച് ഒരു നിരക്ക് എഴുതിയാൽ അതു് പാസാക്കി കൊടുക്കാൻ ഏതു് ഉദ്യോഗസ്ഥൻ തയ്യാറാകും ?

എല്ലാ കരാറുകളിലും വില വ്യതിയാനവ്യവസ്ഥ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം നിരാകരിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ 26-8-2022 ലെ ഉത്തരവ്. അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ കണക്കിലെടുക്കാതെ, എല്ലാ പ്രവർത്തികളുടെയും കാരാർ വ്യവസ്ഥകളുടെ ഭാഗമായി വില വ്യതിയാന വ്യവസ്ഥ ഏർപ്പെടുത്തണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അനുഭാവപൂർവ്വം പരിഗണിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കരാറുകാരുടെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്ന ഉത്തരവിറക്കിയിരിക്കുന്നതു്. അതിനാൽ കരാറുകാരും സന്തുലിത കരാർ വ്യവസ്ഥകൾക്കു വേണ്ടി ശബ്ദമുയർത്തുന്ന മറ്റെല്ലാവരും 26- 8 – 2022 ലെ ഉത്തരവ് റദ്ദാക്കാൻ വേണ്ടി മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരവ് റദ്ദാക്കുന്നതുവരെ ടാറിംഗ് ഉൾപ്പെടുന്ന എല്ലാ പ്രവർത്തികളുടെയും ടെണ്ടറുകൾ ബഹിഷ്ക്കരിക്കണം. ടാറിന്റെ വില വ്യത്യാസം നൽകാനുള്ള ധനവകുപ്പിന്റെ മുൻ ഉത്തരവുകൾ വിശ്വസിച്ച് വൻ തുക മുടക്കി ടാർ വാങ്ങിയ ആയിരക്കണക്കിന് കരാറുകാർ ഇപ്പോൾ കടക്കെണിയിലാണ്. 26- 8 – 2022 ലെ ഉത്തരവിന് മുൻകാല പ്രാബല്യമില്ലാത്തതിനാൽ അതിനു മുൻപ് ടെണ്ടർ ചെയ്ത എല്ലാ പ്രവർത്തികൾക്കുമുള്ള നഷ്ടപരിഹാരം ഉടനെ നൽകാൻ സർക്കാർ തയ്യാറാകണം. നിർമ്മാണ വസ്തുക്കളുടെ അസാധാരണ വില വ്യതിയാനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ , വില വ്യതിയാനവ്യവസ്ഥ മാത്രമാണ് പരിഹാരം.

വി.ഹരിദാസ്
കെ.ജി.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *