നിർമ്മാണ കരാർ മേഖലയിലെ പ്രശ്നങ്ങൾ: ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം.

Share this post:

നിർമ്മാണമേഖല പൊതുവിലും നിർമ്മാണ കരാറുകാർ പ്രത്യേകിച്ചും നേരിടുന്ന പ്രശ്നങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ , ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ചീഫ് എഞ്ചിനീയർമാർ തുടങ്ങിയവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കരാറുകാരുടെ സംഘടനകൾ പ്രത്യേകം പ്രത്യേകമായും ഒന്നിച്ചും നിരവധി നിവേദനങ്ങൾ നൽകുകയുണ്ടായി. മേയ് 7ന് സർക്കാർ കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഏകദിന സൂചനാ പണിനിറുത്തിവയ്ക്കൽ സമരം നടത്തുകയുണ്ടായി. ഏകോപന സമിതി ഭാരവാഹികൾ ഇടതടവില്ലാതെ കഴിഞ്ഞ ഏതാനും മാസങ്ങളായി സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങുകയാണ്. മന്ത്രിമാർ ഉൾപ്പെടെ ആരും കരാറുകാരുടെ ആവശ്യങ്ങൾ അന്യായമാണെന്ന് പറയുന്നില്ല. സിമൻ്റ്, സ്റ്റീൽ ,ബിറ്റുമിൻ, ജലവിതരണ പൈപ്പുകൾ തുടങ്ങിയവ സർക്കാർ സ്റ്റോറുകളിൽ നിന്നും കരാറുകാർക്ക് നൽകിയിരുന്നു. അഡ്മിനിസ്ട്രേറ്റഡ് പ്രൈസ് മെക്കാനിസത്തിൻ്റെ ഭാഗമായി സിമൻ്റ്, സ്റ്റീൽ പെട്രോളിയം ,ഉല്പന്നങ്ങൾ എന്നിവയുടെ വിപണി വില സർക്കാർ നിശ്ചയിച്ചിരുന്നു. പ്രവർത്തിയുടെ പ്രത്യേക ത, സൈറ്റ് കണ്ടീഷൻസ് എന്നിവ കണക്കിലെടുത്ത് ടെണ്ടർ എക്സെസും നൽകിയിരുന്നു. നിർമ്മാണ ചെലവ് കരാർ തുകകളിൽ ഒതുക്കുന്നതിന് കരാറുകാരെ സഹായിച്ചിരുന്ന മേൽ പറഞ്ഞ ഘടകങ്ങളൊന്നും ഇപ്പോഴില്ല.കരാർ ഉറപ്പിക്കുന്ന സമയത്ത് പ്രതീക്ഷിക്കാൻ പോലും കഴിയാത്ത വില വർദ്ധനയാണു് നിർമ്മാണ കാലയളവിൽ ഉണ്ടാകുന്നത്.

വിപണി നിരക്കുകളെക്കാൾ കുറഞ്ഞ ,പട്ടിക നിരക്കുകളിൽ, ടെണ്ടർ എക്സെസ് പോലുമില്ലാതെ പണികൾ ചെയ്യേണ്ട ഗതികേടിലാണു് കേരള കരാറുകാർ. 2018 ന് പകരം 2021ലെ സി.എസ്.ആർ അടിസ്ഥാനമാക്കി ടെണ്ടറു കൾ നടത്തിയിരുന്നെങ്കിൽ ജലജീവൻ പദ്ധതിയിലും പി.എം.ജി.എസ് വൈ യിലും കേരളം പിന്നോക്കം പോകുകയില്ലായിരുന്നു. കേന്ദ്ര സഹായ പദ്ധതികളിൽ അടങ്കൽ തുകയുടെ നിശ്ചിത ശതമാനം വീതമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നതു്. 2018ലെ ഡി.എസ്.ആർ പ്രകാരം തയ്യാറാക്കുന്ന അടങ്കൽ തുക 2021 ലെ ഡി.എസ് ആർ പ്രകാരം തയ്യാറാക്കുന്ന അടങ്കലിനെക്കാൾ കുറവായിരിക്കുമെന്നും തന്മൂലം കേന്ദ്ര വിഹിതം കുറയുമെന്നും എല്ലാവരും തിരിച്ചറിയണം. കരാർ വ്യവസ്ഥകളും ചട്ടങ്ങളും കർക്കശമാക്കിയാൽ പ്രവർത്തികളുടെ ഗുണമേന്മയും നിർമ്മാണ വേഗതയും വർദ്ധിക്കുമെന്ന മിഥ്യാധാരണയാണ് പലരും പുലർത്തുന്നത്. യാഥാർത്ഥ്യബോധത്തോടു കൂടി പ്രശ്നങ്ങളെ സമീപിക്കുകയാണു് വേണ്ടത്.

മുഖ്യമന്ത്രിയുടെ ആഫീസിൽ നിന്നും ആവശ്യപ്പെട്ടാൽ പോലും കാര്യകാരണസഹിതമുള്ള റിപ്പോർട്ട് നൽകാൻ ചീഫ് എഞ്ചിനീയറന്മാർ ഉൾപ്പെടെ തയ്യാറാകുന്നില്ല. സ്വയംസംരംഭകരായ ചെറുകിട ഇടത്തരം കരാറുകാരെ പൂർണ്ണമായി ഒഴിവാക്കാനുള്ള നീക്കമാണു് കേരളത്തിൽ നടക്കുന്നത്. സംരംഭക വർഷമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 2022-23ൽ ചെറുകിട-ഇടത്തരം സംരംഭകരെ മുഖ്യധാരയിൽ നിലനിറുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നാണു് കരാറുകാർ ആവശ്യപ്പെടുന്നത്. ചെറുകിട-ഇടത്തരം കരാറുകാരുടെ പൊതുവേദിയായ ഏകോപന സമിതിയുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ബഹു മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്തി ,വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറിയടക്കമുള്ള ഗവ. സെക്രട്ടറിമാർ ,ചീഫ് എഞ്ചിനീയറന്മാർ, കരാറുകാരുടെ ഏകോപന സമിതി ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർത്ത് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു .

വർഗീസ് കണ്ണമ്പള്ളി.
സർക്കാർ കരാറുകാരുടെ ഏകോപന സമിതി കൺവീനർ


Share this post:

Leave a Reply

Your email address will not be published. Required fields are marked *