കരാറുകാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും.

Share this post:

തിരുവനന്തപുരം: ജൂലൈ 27 ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് സർക്കാർ കരാറുകാരുടെ ഏകോപന സമിതി സംഘടിപ്പിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ സെക്രട്ടറിയേറ്റ് നടയിൽ ഉൽഘാടനം ചെയ്യുന്നതാണ്. ജൂലൈ 26-ന് രാവിലെ 10 മണി മുതൽ 27-ന് രാവിലെ 10 മണി വരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിൽ ഉപവാസ സമരം നടത്തുന്ന 20 ഭാരവാഹികളാണ് മാർച്ച് നയിക്കുക. ഉൽഘാടന സമ്മേളനത്തിൽ വിവിധ കക്ഷി നേതാക്കൾ, സംരംഭക സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.

ചരിത്രത്തിലാദ്യമായിട്ടാണ് സർക്കാർ കരാറുകാരുടെ സംഘടനകൾ പൊതുവേദി സൃഷ്ടിച്ച് സമരം നടത്തുന്നത്. മേയ് 7-ന് ഏകോപന സമിതിയുടെ നേതൃത്വത്തിൽ സൂചനാ പണി നിറുത്തൽ സമരം നടത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രി ,ധനമന്ത്രി എന്നിവരുമായി ഏകോപന സമിതി ഭാരവാഹികൾ പലവട്ടം ചർച്ചകൾ നടത്തി. ഉദ്യോഗസ്ഥതലത്തിലും കൂടിയാലോചനകൾ നടന്നു. പൊതുമരാമത്ത് -ജലവിഭവ – തദ്ദേശ സ്വയംഭരണ വകുപ്പുകളിലും വാട്ടർ അതോറിറ്റി, കിഫ്ബി, റൂറൽ ഡെവലപ്‌മെൻ്റ് ബോർഡ് തുടങ്ങിയ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നതാണ് ഏകോപന സമിതിയുടെ ആവശ്യം.ഓരോ ഡിമാൻ്റും ആവശ്യമായ രേഖകൾ സഹിതം വിശദമായിട്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിട്ടുള്ളത്. നിർമ്മാണ കരാർ മേഖലയുടെ പ്രതിഛായ വർദ്ധിപ്പിക്കുന്നതിനും കുടിശിക ,വിലക്കയറ്റം തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും ഏകോപന സമിതി മുന്നോട്ടു വയ്ക്കുന്നുണ്ട്. ചെറുകിട-ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങൾ വീണ്ടെടുക്കാനും ഏകോപന സമിതി ലക്ഷ്യം വയ്ക്കുന്നു.

കെ.ജെ.വർഗീസ്
ഏകോപന സമിതി വർക്കിംഗ് ചെയർമാൻ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *