സംരംഭകവർഷത്തിൽ സ്മാർട്ടാകാനുറച്ച് കെ.ജി.സി.എ.

Share this post:

2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗവ. കരാറുകാരുൾപ്പെടെയുളള ചെറുകിട-ഇടത്തരം സംരംഭകർക്കു് നിലനില്ക്കാനും വളരാനും സഹായകമായ ഒട്ടേറെ നടപടികൾ സർക്കാർ ഈ വർഷം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര സർക്കാരും ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ പനങ്കാ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെന്ന സ്ഥിതിയിലാണ് കരാറുകാർ. പ്രവർത്തികൾ ധാരാളം. ചെറുകിട-ഇടത്തരം കരാറുകാർക്ക് ഏറ്റെടുക്കാൻ കഴിയുന്നതു് വളരെ വിരളമാണെന്നു മാത്രം. നിർമ്മാണ രംഗം അതിവേഗം കുതിയ്ക്കുമ്പോൾ, ചെറുകിട-ഇടത്തരം കരാറുകാർ പുറം തള്ളപ്പെടുകയാണ്. രാഷ്ട്രീയവൽക്കരണവും കുത്തകവൽക്കരണവും ചെറുകിട-ഇടത്തരം മേഖലയെ പാർശ്വവൽക്കരിക്കുന്ന ഘടകങ്ങളാണ്. നഷ്ടപ്പെട്ട അവസരങ്ങൾ വീണ്ടെടുത്ത് നിലനില്ക്കണമെങ്കിൽ ഗവ. കരാറുകാർ സ്വയം ശാക്തീകരിക്കപ്പെടുകയും സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അനുഭാവം പിടിച്ചുപറ്റുകയും വേണം. ഗുണമേന്മ, വേഗത സുതാര്യത എന്നീ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടു മാത്രമേ ചെറുകിട-ഇടത്തരം കരാറുകാർക്ക് മുന്നേറാൻ കഴിയൂ. അതിനാൽ ഏറ്റവും പുതിയ നിർമ്മാണ രീതികൾ സ്വീകരിച്ചു കൊണ്ട് ഏറ്റവും വേഗത്തിൽ ഉയർന്ന നിലവാരത്തിൽ പ്രവർത്തികൾ പൂർത്തിയാക്കാനുള്ള മികവും അടിസ്ഥാന സൗകര്യങ്ങളും ചെറുകിട-ഇടത്തരം കരാറുകാർ ആർജ്ജിക്കണം. കഠിനവും നിരന്തരവുമായ പരിശീലനം, ആധുനിക മെഷിനറികളും പ്രവർത്തന മൂലധനവും നേടിയെടുക്കൽ, ഡിജിറ്റലൈസേഷനോടും സുതാര്യതയോടും പൊരുത്തപ്പെടാൻ കഴിയുക എന്നിവ ആവശ്യമാണ്.
തുടക്കമെന്ന നിലയിൽ കെ.ജി.സി.എ സംസ്ഥാന ഭാരവാഹികൾക്കു മാത്രമായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കാനാണു് തീരുമാനിച്ചിരുന്നത്. ജില്ലയിൽ നിന്നും രണ്ട് പ്രതിനിധികളെക്കൂടി പങ്കെടുപ്പിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ക്യാമ്പിൽ 45 പേർ പങ്കെടുത്തു. നാലു ഗ്രൂപ്പുകളായി തിരിച്ചുള്ള ചർച്ചകൾ, ക്ലാസുകൾ, അവതരണങ്ങൾ എന്നിവ നടന്നു.
എൻ.പത്മകുമാർ (റിട്ട. ഐ.എ .എസ്) ഡോ.കെ.ജെ.ജോസഫ്, ഡോ മാത്യൂ ജോർജ്ജ്, ഡോ എൻ രാമലിംഗം,
ഡോ.തോമസ് ജോസഫ്, ഡോ അനിതാകുമാരി എന്നിവരുടെ പങ്കാളിത്യം ഏറെ വിലപ്പെട്ടതായിരുന്നു.
കരാറുകാർക്കൊപ്പം സംഘടനയും സ്മാർട്ടാകണം. തുടർ പരിശീലനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

കെ.അനിൽകുമാർ
സംസ്ഥാന എക്സിക്യൂട്ടീവ് ജനറൽ സെക്രട്ടറി.
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *