വൈകല്യ ബാദ്ധതയുടെ പേരിൽ വിവാദമെന്തിന്?

Share this post:

ഓരോ നിർമ്മിതിയും ഓരോ പരീക്ഷണമാണ്.

കൃത്യമായ സാങ്കേതിക സർവ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് തത്വങ്ങൾ പുർണ്ണമായി പാലിച്ചുകൊണ്ടുള്ള രൂപകല്പനയും അടങ്കലും ഏതൊരു നിർമ്മിതിയുടെയും അടിസ്ഥാന ഘടകമാണ്. നിർമ്മാണ ഘട്ടങ്ങളിലെല്ലാം ഗുണമേന്മ ഉറപ്പു വരുത്തേണ്ട ബാദ്ധ്യത കരാറുകാരനും അത് അപ്പഴപ്പോൾ പരിശോധിച്ച് ബോധ്യപ്പെടുകയും സർട്ടിഫിക്കേറ്റ് നൽകുകയും ചെയ്യേണ്ട ബാധ്യത മേൽനോട്ട സംവിധാനത്തിനുമാണ്. നിർമ്മാണ ഘട്ടത്തിലും തുടർന്ന് വൈകല്യ ബാദ്ധ്യതാ കാലയളവ് (DLP) അവസാനിക്കുന്നതു വരെയും ഉണ്ടാകുന്ന വൈകല്യങ്ങൾക്കു് കരാറുകാരൻ പരിഹാരം കാണേണ്ടതുണ്ട്. അതിന് തയ്യാറാകുന്ന കരാറുകാരനെ ആക്ഷേപിക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ട കാര്യമില്ല. രാഷ്ട്രീയ നേതൃത്വത്തിനും ഭരണാധികാരികൾക്കും വൈകല്യ ബാദ്ധ്യത ഉണ്ടാകുന്നില്ല. കരാറുകാരൻ വൈകല്യ ബാദ്ധ്യത നിറവേറ്റാൻ തയ്യാറാകുന്നില്ലെങ്കിൽ മാത്രമേ കരാറുകാരനെതിരെ ശിക്ഷാ നടപടികൾക്ക് പ്രസക്തിയുളളു.

എല്ലാ കരാറുകളിലും വൈകല്യ ബാദ്ധ്യത സംബന്ധിച്ച വ്യവസ്ഥയുണ്ട്. ഏതു് പ്രവർത്തിയിലും വൈകല്യ സാദ്ധ്യത ഒളിഞ്ഞിരിപ്പുണ്ട് എന്ന യാഥാർത്ഥ്യം മൂലമാണ് ഈ വ്യവസ്ഥ നിർബന്ധമാക്കിയിട്ടുള്ളത്. പാലാരിവട്ടം മേല്പാലവും കൊച്ചി മെട്രോയും ചാലിയാർ പുഴയിലെ കൂളിമാട് കടവു പാല വുമെല്ലാം വൈകല്യ ബാദ്ധ്യതാ വ്യവസ്ഥയ്ക്ക്‌ വിധേയമാണ്. പാലാരിവട്ടം മേല്പാലത്തിലെ വൈകല്യങ്ങൾ സ്വന്തം ചെലവിൽ പരിഹരിക്കാൻ കരാറുകാരൻ തയ്യാറായിന്നു. രണ്ടു കോടിയിലേറെ രൂപ അതിനായി കരാറുകാരായ ആർ.ഡി.എസ് ചെലവിടുകയും ചെയ്തിരുന്നു.

മെട്രോമാൻ ഇ.ശ്രീധരൻ കരാറിലെ വൈകല്യ ബാദ്ധ്യതാ വ്യവസ്ഥയും എഞ്ചിനീയറിംഗ് എത്തിക്സും മാറ്റി വച്ച് നൂറു വർഷ ഗ്യാരണ്ടി സിദ്ധാന്തവും മറ്റും ഉയർത്തിയും അഴിമതിയുടെ പുകമറ സൃഷ്ടിച്ചും കേരള ജനതയെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചു. ഡെക്ക് സ്ലാബ് കണ്ടിനു യിറ്റി ജോയിൻ്റ് സിസ്റ്റം എന്ന ടെക്നോളജി (വേർതിരിക്കലില്ലാത്ത ഒറ്റ ഡെക്ക് സ്ലാബ് നിർമ്മിക്കൽ ) പരാജയപ്പെട്ടതിനെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായി ചിത്രീകരിച്ചത് ഇ.ശ്രീധരനായിരുന്നതുകൊണ്ടാണ് ജനങ്ങൾ അത് വിശ്വസിച്ചതു്. അഴിമതിയുടെ പുകമറ വ്യാപകമായിരുന്നുവെങ്കിലും കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ തയ്യാറാകാതിരുന്നതു് യാഥാർത്ഥ്യബോധം ഉൾക്കൊണ്ടതു കൊണ്ടാണ്. 26 കോടിയുടെ പാലാരിവട്ടം മേല്പാലത്തിൻ്റെ പേരിൽ അപഹസിക്കപ്പെട്ട ആർ.ഡി.എസ് കമ്പനിക്ക് 750 കോടിയുടെ ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണ കരാർ ലഭിച്ചുവെന്നത് ദുഷ്പ്രചരണങ്ങൾ നടത്തിയവർക്കെല്ലാമുള്ള തിരിച്ചടിയാണ്. ആലപ്പുഴ ബൈപ്പാസും കൊല്ലം ബൈപ്പാസും വിജയകരമായി പൂർത്തിയാക്കുകയും കഴക്കൂട്ടം മേല്പാലം ഉൾപ്പെടെ പല വൻകിട പദ്ധതികളും നിരാക്ഷേപമായി പൂർത്തികരിച്ചു കൊണ്ടിരിക്കുന്നതുമായ ആർ.ഡി.എസി്റെ മുൻപിൽ കൊച്ചി മെട്രോയുടെ ചരിഞ്ഞ തൂണും താങ്ങി നില്ക്കുകയാണ് മെട്രോമാൻ ഇ.ശ്രീധരൻ.

ഡി.എം.ആർ.സിയുടെ സർവ്വ സന്നാഹങ്ങളും ഇ.ശ്രീധരൻ്റെ നേതൃത്വവും ഉണ്ടായിരുന്നിട്ടും തൂണിൻ്റെ താഴത്തെ അറ്റം വേണ്ട വിധം ഉറപ്പിച്ചുവെന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞില്ലെന്നതു് ഒട്ടും അഭിമാനിക്കത്തക്കതല്ല. കരാർ കമ്പനി സ്വന്തം ചെലവിൽ തുണിൻ്റെ വൈകലും പരിഹരിക്കട്ടെ. കൂളിമാട്കടവ് പാലത്തിൻ്റെ ബീമുകൾ താഴെ വീണത് ലോഞ്ചി ഗിന്നിടയിൽ ഉണ്ടായ തകരാറുമൂലമാണ്. തന്മൂലം രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടം ഊരാലുങ്കൽ സംഘത്തിനുണ്ടായതായി പറയപ്പെടുന്നു. പുതിയ ബീമുകൾ നിർമ്മിക്കാനും ലോഞ്ച് ചെയ്യാനുമുള്ള ചെലവുകളും അവർ സ്വയം വഹിക്കേണ്ടി വരും. വൈകല്യ ബാദ്ധ്യത പൂർണ്ണമായി ഏറ്റെടുക്കാൻ ഊരാളുങ്കൽ തയ്യാറാണെങ്കിൽ രാഷ്ടീയ ഇടപെടലിൻ്റെയൊന്നും ആവശ്യമില്ല. പാലാരിവട്ടം പാലം കരാറുകാരന് വേദനയുണ്ടാക്കാൻ കൂട്ടുനിന്ന ഊരാളുങ്കലിന് ഇതൊരു ഗുണപാഠമാണ്. അഴിമതി ആരോപണം ഉന്നയിക്കുന്നവരുടെ ദുഷ്ടലാക്ക് ജനം തിരിച്ചറിയുക തന്നെ ചെയ്യും.

വർഗീസ് കണ്ണമ്പള്ളി,
സംസ്ഥാന പ്രസിഡൻ്റ്,
കേരളാ ഗവ കോൺട്രാക് ടേഴ്സ് അസോസിയേഷൻ.
തിരുവനന്തപുരം.


Share this post:

Leave a Reply

Your email address will not be published. Required fields are marked *