പാലാരിവട്ടം മേല്പാലം അടിമുടി പൊളിച്ചു കളയാൻ മുന്നിട്ടിറങ്ങിയ മെട്രോമാന് കൊച്ചി മെട്രോയുടെ ഒരു തൂണും
പൊളിക്കൽ പണി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് ചാലിയാർ പുഴയിലെ കുളിമാട് കടവ് പാലത്തിൻ്റെ മൂന്ന് ബീമുകളുമാണ് പണി നൽകിയിരിക്കുന്നത്.
പാലാരിവട്ടം മേല്പാലത്തിൻ്റെ വൈകല്യങ്ങൾ പരിഹരിക്കുന്നതിനു് ചെന്നൈ ഐ.ഐ.ടി നിർദ്ദേശിച്ച അഞ്ച് കാര്യങ്ങളിൽ മൂന്നും കരാറെടുത്ത ആർ.ഡി.എസ് കമ്പനി സ്വന്തം ചെലവിൽ ചെയ്തു. ബീമുകളെ ബലപ്പെടുത്തുന്നതിനുള്ള കാർബൺ ഫൈബർ റാപ്പിംഗ് ടെക്നോളജി പാലത്തിന് നൂറ് വർഷത്തെ ആയുസ് ഉറപ്പാക്കുന്നില്ലെന്നായിരുന്നു മെട്രോമാൻ്റ കണ്ടുപിടുത്തം .കാർബൺ ഫൈബർ റാപ്പിംഗിൽ ഗവേഷണബിരുദം നേടിയ പ്രൊഫസർ അളക സുന്ദരമൂർത്തിയുടെ നിർദ്ദേശമാണു് മെട്രോമാൻ തളളിയത്.
ചെന്നൈ ഐ.ഐ.ടിയുടെ മേല്നോട്ടത്തിൽ ആർ.ഡി.എസ് പുതുക്കി നിർമ്മിച്ച മേല്ത്തട്ട് ഭാഗം പൊളിച്ചു കളഞ്ഞാണ് മെട്രോമാനും ഊരാളുങ്കൽ സൊസൈറ്റിയും ചേർന്നു് ആർ.സി.സി.ബിമുകൾ മാറ്റി പി.എസ്.സി ഗർഡറുകൾ സ്ഥാപിച്ചതും പിന്നീട് മേലത്തട്ട് പുന:സ്ഥാപിച്ചതും.
അടിയിൽ കൂടി വാഹനങ്ങൾ കടന്നു പോകുന്ന മേല്ത്തട്ടിൻ്റെ പ്രധാന ഭാഗത്ത് ഒരു മാറ്റവും വരുത്താൻ
ഊരാളുങ്കൽ സംഘം തയ്യാറായതുമില്ല. ഒരു തൂണിനു പോലും കേടില്ലായിരുന്നു. വൈകല്യ കാലയളവിൽ ദൃശ്യമായ എല്ലാ അപാകതകളും സ്വന്തം ചെലവിൽ പരിഹരിക്കാനും ആർ.ഡി.എസ് തയ്യാറായിരുന്നു.എന്നിട്ടും എന്തൊക്കെ പുകിലുകളാണ് നടന്നത്.കരാറുകാരനെ 72 ദിവസം ജയിലിലടച്ചു. ജീവനക്കാരെ പീഡിപ്പിച്ച് അകറ്റി. അടങ്കലിൽ ഇല്ലാതിരുന്ന ഇനങ്ങൾക്കു പോലുമുള്ള നഷ്ടപരിഹാരക്കേസ് ഇപ്പോഴും നടക്കുന്നു.
(26 കോടി രൂപയുടെ പാലാരിവട്ടം മേല് പാലത്തിലെ അപാകതകളുടെ പേരിൽ ജയിലിലടയ്ക്കപ്പെട്ട കരാറുകാരനുമായി ഇപ്പോൾ 750 കോടിയുടെ ആറ്റിങ്ങൾ ബൈപ്പാസിൻ്റെ കരാർ ഉറപ്പിച്ചിരിക്കുകയാണ് കേരള സർക്കാർ എന്നത് ഒരു പക്ഷേ പലരും അറിഞ്ഞു കാണില്ല.)
കൊച്ചി മെട്രോയിലെ ഒരു തൂണു് ശാസ്ത്രീയമായി ഉറപ്പിച്ചില്ലെന്ന് വ്യക്തമായിരിക്കുന്നു. വീഴ്ച സംഭവിച്ചത് എൽ.ആൻഡ് .ടി കമ്പനിക്ക് .
തൂണ് പരിശോധിച്ച് അംഗീകാരം നൽകിയ ഡി.എം.ആർ.സിയും മെട്രോമാനും വീഴ്ചയിൽ തുല്യ പങ്കാളിത്തമാണുള്ളത്. മെട്രോമാൻ്റ് തെറ്റാവരം പാളിയെന്നു വ്യക്തം.
കൂളിമാട് കടവ് പാലത്തിൻ്റെ മൂന്ന്ബിമുകൾ താഴെ വീണതു് യാദൃശ്ചികമാകാം. അതുമൂലമുള്ള നഷ്ടം ഊരാളുങ്കലിനു മാത്രമാണ്.
ബീമുകൾക്കു് കേടുപാടുണ്ടങ്കിൽ പുതിയ ബീമുകൾ ഉണ്ടാക്കേണ്ടി വരും. പാലത്തിൻ്റെ മറ്റു ഭാഗങ്ങൾക്കു് ആഘാതം ഏറ്റിട്ടുണ്ടെങ്കിൽ അതിനും ശരിയായ പരിഹാരം ഉണ്ടാകണം. ഊരാളുങ്കൽ സ്വമേധയാ ഈ നഷ്ടം ഏറ്റെടുക്കാൻ തയ്യാറായാൽ പ്രശ്നം അവിടെ അവസാനിപ്പിക്കണം.
പാലാരിവട്ടം കരാറുകാരന് നേരിടേണ്ടി വന്നതൊന്നും മെട്രോമാനും ഊരാളുങ്കലിനും സംഭവിക്കാൻ പാടില്ല.
വൈകല്യ ബാധ്യത സംബന്ധിച്ച കരാർ വ്യവസ്ഥ എല്ലാവർക്കും ഒരു പോലെ നടപ്പാക്കണം.
പാലാരിവട്ടം മേല്പാലത്തിൽ അധികൃതർ കാണിച്ച ക്രൂരത ആവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നതു് ശരിയല്ല.
വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡൻറ് ,
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ