corrupt engineers and black sheep among contracgors be isolated

എഞ്ചിനീയറന്മാരിലെയും കരാറുകാരിലെയും കുലംകുത്തികളെ ചുട്ടി കുത്തി ഒറ്റപ്പെടുത്തണം

Share this post:

വര്‍ഗീസ് കണ്ണമ്പള്ളി,
പ്രസിഡന്റ് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ .

കോട്ടയത്ത് ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത കേരള സര്‍ക്കാര്‍ എഞ്ചിനീയറന്മാര്‍ ഗൗരവത്തോടെ കാണണം. കൈക്കൂലി കേസില്‍ പിടിയിലാകുന്ന ആദ്യത്തെ എഞ്ചിനീയറല്ല, കോട്ടയത്തെ ശ്രീമതി ബിനു ജോസ്.

2.5 ലക്ഷം രൂപയുടെ സെക്യൂരിറ്റി തുക വൈകല്യ ബാദ്ധ്യതാ കാലയളവ് (Defect Liability Period) തീര്‍ന്നിട്ടും കരാറുകാരന് തിരികെ നല്‍കാതിരിക്കുകയായിരുന്നു അവര്‍ എന്നാണറിയുന്നതു്. ഡി.എല്‍.പി .കാലയളവില്‍ വീഴ്ചകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കില്‍ കാലാവധി അവസാനിക്കുന്ന ദിവസം നിരുപാധികം സെക്യൂരിറ്റി തുക മടക്കി നല്‍കാന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍ തയ്യാറാകേണ്ടതാണ്. ശ്രീമതി ബിനു ജോസിനെപ്പോലെ കരാറുകാരെ പീഡിപ്പിച്ചും വിരട്ടിയും നക്കാപ്പിച്ച വാങ്ങുന്ന മറ്റ് ചിലരും സര്‍വ്വീസിലുണ്ട്.

എഞ്ചിനീയറന്മാരുടെ സംഘടനകള്‍ ഇടപെടേണ്ട ഒരു പ്രശ്‌നമാണിത്. എഞ്ചിനീയറന്മാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാനും അവരുടെ മികവ് വര്‍ദ്ധിപ്പിക്കാനും എഞ്ചിനീയറന്മാരുടെ സംഘടനകള്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും കരാറുകാരുടെ പിന്തുണ ഉണ്ടാകും. സര്‍വീസിലുള്ള എഞ്ചിനീയറന്മാരെ ഉപയോഗിച്ച് കണ്‍സള്‍ട്ടന്‍സി വിംഗുകള്‍ ഉണ്ടാക്കണമെന്നും ഐ.ഐ.ടി അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ വകുപ്പുകളിലെ എഞ്ചിനീയറന്മാര്‍ക്കും നല്‍കണമെന്നുമാണ് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

ഗുണമേന്മ ,വേഗത സുതാര്യത എന്നീ കാലഘട്ടത്തിന്റെ ആവശ്യങ്ങളും എഞ്ചിനീയറന്മാരുടെ കൈക്കൂലിയും ഒത്തു പോകില്ല. കരാറുകാര്‍ക്കിടയിലും കറുത്ത ആടുകളുണ്ട്. ഒരിക്കലും മുതലാകാത്ത തിരക്കില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുകയും അഴിമതിക്കാരായ എഞ്ചിനീയറന്മാരുടെ സഹായത്തോടു കൂടി ബില്ലുകളെഴുതി വാങ്ങുകയും ചെയ്യുന്നവര്‍ കരാറുകാര്‍ക്കിടയിലും വിരളമല്ല.

പത്തും ഇരുപതും ടെണ്ടറുകളില്‍ പങ്കെടുത്തിട്ടും പണി കിട്ടാതെ വരുമ്പോള്‍ കുറഞ്ഞ നിരക്കിലാണെങ്കിലും പണി ഏറ്റെടുത്ത് കരാറുകാരന്‍ എന്ന ലേബല്‍ നിലനിറുത്താന്‍ ശ്രമിക്കുന്നവരും ധാരാളമാണ്.ഇവരാണ് അഴിമതിക്കാരായ എഞ്ചിനീയറന്മാരില്‍ നിന്നും സ്റ്റാഫില്‍ നിന്നും ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങുന്നത്. എഞ്ചിനീയറന്മാരുടെ അതിക്രമങ്ങള്‍, കരാറുകാര്‍, സംഘടനാ തലത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും വിജയിക്കാറില്ല. അതിനാല്‍ എഞ്ചിനീയറന്മാരുടെ സംഘടനകള്‍ കൂടി രംഗത്തുവരണമെന്നാണ് ആവശ്യപ്പെടുന്നത്.

പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കരാറുകാരുടെ സംഘടനാ ഭാരവാഹികളുടെയും ചീഫ് എഞ്ചിനീയറന്മാരുടെയും സംയുക്ത യോഗത്തില്‍ വ്യക്തമാക്കിയ ഒരു കാര്യം വളരെ പ്രസക്തമാണ്.
നിങ്ങള്‍ (കരാറുകാര്‍) ഇവര്‍ക്കെതിരെ (ചീഫ് എഞ്ചിനീയറന്മാര്‍) വ്യക്തമായ പരാതി തന്നാല്‍, നിങ്ങളാണ് പരാതിക്കാര്‍ എന്നറിയിയ്ക്കാതെ ഇവര്‍ക്കെതിരെ ശരിയായ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. വളരെ കര്‍ക്കശ സ്വരത്തിലാണ് മന്ത്രി ഇത്രയും പറഞ്ഞതു്.

പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനും ബാഹ്യ ശുപാര്‍ശകള്‍ അവസാനിപ്പിക്കാനും കാരുങ്ങള്‍ പരമാവധി സുതാര്യമാക്കാനും ശ്രമിക്കുന്ന പൊതുമരാമത്ത് മന്ത്രിയുടെ ദൃഢ പ്രഖ്യാപനം ശുഭകരമാണ്. മന്ത്രിമാരായ എം.വി.ഗോവിന്ദന്‍ മാസ്റ്ററും റോഷി അഗസ്റ്റിനും ഗുണമേന്മയും വേഗതയും സുതാര്യതയും സ്വാഗതം ചെയ്യുന്നവരാണ്. എഞ്ചിനീയറന്മാരുടെയും കരാറുകാരുടെയും സംഘടനകള്‍ ഒരുമിച്ച് മുന്‍കൈയെടുത്താല്‍ മരാമത്ത് സംവിധാനത്തെ രക്ഷിക്കാന്‍ കഴിയും.രണ്ടു പക്ഷത്തെയും കറുത്ത ആടുകളെ ചുട്ടി കുത്തി ഒറ്റപ്പെടുത്തി പുറത്താക്കാതെ രക്ഷാദൗത്യം വിജയിക്കില്ല.

കൈക്കൂലി കേസില്‍ പിടിക്കപ്പെടുന്ന അവസാനത്തെ എഞ്ചിനീയറായിരിക്കട്ടെ, ശ്രീമതി ബിനു ജോസ് എന്നാശിക്കാം.


Share this post:

Leave a Reply

Your email address will not be published. Required fields are marked *