Kannur unit of contractors confederation to particiapte in kerala construction strike

കരാറുകാരുടെ പണിമുടക്ക്: കണ്ണൂരും സമരസജ്ജമായി

Share this post:

സി.രാജന്‍, കെ.ജി.സി.എ സംസ്ഥാന സെക്രട്ടറി

ചടുലമായ രാഷ്ട്രീയ കരുനീക്കങ്ങളുടെ സിരാ കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലും മേയ് 7ന് കരാറുകാരുടെ പണിമുടക്ക് സമരം പൂര്‍ണ്ണമായിരിക്കും.

ബില്‍ഡേഴ്‌സ് അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ സെന്റര്‍ (കണ്ണൂര്‍) ചെയര്‍മാന്‍ പി.ഐ.രാജീവ്, കേരളാ ഗവ. കോണ്‍ട്രാക്ടഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.കൃഷ്ണന്‍, മുന്‍ ജനറല്‍ സെക്രട്ടറി സി. കരിം, കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുനില്‍ പോള, സെക്രട്ടറി ഒ.സി ഉല്ലാസന്‍ എന്നിവര്‍ ഇന്നലെ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി സമരത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു.

നിര്‍മ്മാണ വസ്തുക്കളുടെ വിപണി നിരക്കുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ കരാര്‍ തുകള്‍ നിര്‍മ്മാണ ഘട്ടത്തില്‍ അപ്രസക്തമാകുകയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍-ഡീസല്‍ വില കള്‍ യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ദ്ധിപ്പിക്കുന്നു. ഇതു മൂലം ഫലത്തില്‍ നിര്‍മ്മാണ വസ്തുക്കള്‍, കൂലി നിരക്കുകള്‍, ഗതാഗത ചാര്‍ജ്ജുകള്‍ എന്നിവ വര്‍ദ്ധിക്കുന്നു. വന്‍കിട ഉപ്പാദകര്‍ യാതൊരു തത്വദീക്ഷയുമില്ലാതെ സംഘടിതമായി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിയുമുണ്ട്.

അതിനാല്‍ ടെണ്ടറില്‍ രേഖപ്പെടുത്തുന്ന തുക പണി ആരംഭിക്കുമ്പോള്‍ തന്നെ കാലഹരണപ്പെട്ടുകയാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കു് വില നിയന്ത്രണത്തില്‍ കാര്യമായ ഇടപെടല്‍ സാദ്ധ്യമല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഇടപെടണം.

അല്ലാത്തപക്ഷം വിലവ്യതിയാന വ്യവസ്ഥ ചെറുകിട-ഇടത്തരം പ്രവര്‍ത്തികളുടെ കരാറുകളിലും ഉള്‍പ്പെടുത്തുകയെന്നതു മാത്രമാണ് ഏക പരിഹാരം. വിപണി നിരക്കുകള്‍ക്കനുസരിച്ച് കരാര്‍ തുകകളില്‍ വ്യത്യാസം വരുത്തുന്നതു് സര്‍ക്കാരിനും കരാറുകാര്‍ക്കും തുല്യനീതി ഉറപ്പാക്കും. ഓരോ മാസത്തെയും വിപണി നിരക്കുകളുടെ ശരാശരി നിര്‍ണ്ണയിച്ച് കോഡീകരിക്കാനുള്ള നിരാക്ഷേപമായ സംവിധാനം വേണമെന്നതാണ് മുന്‍ ഉപാധി.

കരാറുകാരുടെ നിലനില്പിനാവശ്യമായ വിലവ്യതിയാന വ്യവസ്ഥ എന്ന ആശയം ജില്ലയിലെ രാഷ്ട്രീയ കക്ഷികള്‍ക്കും ജനപ്രതിനിധികള്‍ക്കും വിശദീകരിച്ചു നല്‍കാന്‍ സംഘടനാ ഭാരവാഹികള്‍ പ്രത്യേക സംഘങ്ങളായി പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു


Share this post:

Leave a Reply

Your email address will not be published. Required fields are marked *