KSEB takes steps to stop power cuts in Kerala in the face of coal shorage in India

കല്‍ക്കരി ക്ഷാമം: കേരളത്തില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി കെ.എസ്.ഇ.ബി

Share this post:

തിരുവനന്തപുരം, ഏപ്രില്‍ 29. കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്നു രാജ്യത്ത് അനുഭവപ്പെടുന്ന ഊര്‍ജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി. ആരംഭിച്ചു. രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഊര്‍ജ പ്രതിസന്ധി ഏറ്റവും കുറവു ബാധിച്ചിട്ടുള്ളതു കേരളത്തെയാണെന്നു കെ.എസ്.ഇ.ബി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി. അശോക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ.എസ്.ഇ.ബി. ആശ്രയിക്കുന്ന 27 നിലയങ്ങളില്‍ മൂന്നെണ്ണം മാത്രമേ (എന്‍.ടി.പി.എല്‍, ഝബുവ പവര്‍ ലിമിറ്റഡ്, മെജിയ) ഇറക്കുമതി ചെയ്ത കല്‍ക്കരിയെ ആശ്രയിക്കുന്നുള്ളൂ. പീക് സമയങ്ങളില്‍ 78 മെഗാവാട്ട് ശേഷിയുള്ളതാണ് ഈ നിലയങ്ങള്‍ എന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കെ.എസ്.ഇ.ബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും. എങ്കിലും രാജ്യത്താകമാനം ഊര്‍ജപ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പുറമേനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കെ.എസ്.ഇ.ബിയിലും പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇതു മറികടക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി. പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ വരെ കല്‍ക്കരി ക്ഷാമം തുടരുമെന്നാണ് എന്‍.ടി.പി.സി. അധികൃതര്‍ നല്‍കുന്ന സൂചന. ഇതു നീണ്ടുനില്‍ക്കുന്നതു പ്രതിസന്ധിയുണ്ടാക്കുന്നതാണെങ്കിലും ഓരോ ദിവസത്തേയും ഊര്‍ജ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടുള്ള ആസൂത്രണമാണു കെ.എസ്.ഇ.ബി നടത്തുന്നത്. വരുന്ന രണ്ടു മൂന്നു ദിവസങ്ങളില്‍ കാര്യമായ വൈദ്യുതി ക്ഷാമുമുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. അവധി ദിനങ്ങളും മഴയ്ക്കുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് ഈ നിഗമനം. അതിനാല്‍ വൈദ്യുതി വിതരണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഈ ദിവസങ്ങളില്‍ കുറയ്ക്കും. ചെറിയ തോതിലുള്ള നിയന്ത്രണമേ ഉണ്ടാകൂ. എന്നാല്‍, മേയ് മൂന്നിനു സംസ്ഥാനത്ത് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇതടക്കമുള്ള സാഹചര്യങ്ങള്‍ മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നുതന്നെ ആരംഭിക്കും. ഈ വൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീഡര്‍ നിയന്ത്രണങ്ങളില്‍ കുറവു വരുത്തും.

കെ.ഡി.ഡി.പി. നല്ലളം നിലയത്തില്‍ ഒരാഴ്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച് പ്രവര്‍ത്തനം ആരംഭിക്കും. 90 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നു ലഭിക്കും. കായംകുളം ആര്‍.ജി.സി.സി.പി.പി.യില്‍ നിന്നുള്ള വൈദ്യുതിക്കായി ഉടന്‍ ഷെഡ്യൂള്‍ ചെയ്താലും ഉത്പാദനം ആരംഭിക്കാന്‍ 45 ദിവസമെങ്കിലുമെടുക്കും. കായംകുളം താപവൈദ്യുതി നിലയത്തിന്റെ ഫീഡര്‍ ലോഡ് എന്‍ടിപിസിയുടെ കരാറിനു വിധേയമായി ഒഴിവാക്കിയെടുക്കും. പീക് സമയങ്ങളില്‍ എച്ച്.ടി/ഇ.എച്ച്.ടി. ഉപഭോക്താക്കള്‍ പീക് സമയങ്ങളില്‍ 20-30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായാണു കണക്കുകള്‍. അതിനാല്‍ എച്ച്.ടി./ഇ.എച്ച്.ടി. ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.

ലോഡ് ഷെഡ്ഡിങ് പൂര്‍ണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനു ബോര്‍ഡ് നടപടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനോട് ഉപയോക്താക്കളും സഹകരിക്കണം. വൈകിട്ട് ആറിനും 11നും ഇടയില്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *