kerala pwd's project management system Thottariyam to be inaugurated

പൊതുമരാമത്ത് വകുപ്പിന്റെ പ്രെജക്ട് മനേജ്‌മെന്റ് സിസ്റ്റം ‘തൊട്ടറിയാം@PWD’ ഏപ്രില്‍ 20 മുതല്‍

തിരുവനന്തപുരം, ഏപ്രില്‍ 18, കേരള പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്ന പ്രെജക്ട് മാനേജ്‌മെന്റ് സിസ്റ്റം തൊട്ടറിയാം@PWD ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

2021 നവംബറില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ വെച്ചാണ് പൊതുമരാമത്ത് വകുപ്പ് പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 2022 ല്‍ തന്നെ ഈ സംവിധാനം ആരംഭിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. ‘തൊട്ടറിയാം@PWD’ എന്ന പേരില്‍ ആ സംവിധാനം ഇപ്പോള്‍ നിലവില്‍ വരുകയാണ്, മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ഇനിമുതല്‍ എല്ലാവര്‍ക്കും ഒറ്റക്ലിക്കില്‍ തൊട്ടറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പൊതുമരാമത്ത് വകുപ്പില്‍ ഒരു പദ്ധതി ആരംഭിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതിയും അറിയാനാകുന്ന സംവിധാനമാണ് ഇത്. ‘തൊട്ടറിയാം PWD’ വഴി എപ്പോള്‍ പ്രവൃത്തി തുടങ്ങും, എപ്പോള്‍ അവസാനിക്കണം, എത്ര ശതമാനം പ്രവൃത്തി പുരോഗമിച്ചു എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാകും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈന്‍ ഉണ്ടാകും.

കരാറുകാര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം, ജനപ്രതിനിധികള്‍ക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തിയുടെ പുരോഗമി മനസിലാക്കാം, ജനങ്ങള്‍ക്ക് അവരുടെ നാട്ടിലെ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താം, അവരുടെ പരാതികള്‍ രേഖപ്പെടുത്താം എന്നിങ്ങനെയുള്ള സവിശേഷതകളും ഈ സംവിധാനത്തില്‍ ഉണ്ട്. പൊതുമരാമത്ത് പ്രവൃത്തികളില്‍ സുതാര്യത, വേഗത എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി, മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *