പാലക്കാട്, ഏപ്രില്‍ 6. മുടങ്ങിക്കിടന്ന മലമ്പുഴ റിംഗ് റോഡ് പദ്ധതി 42 വര്‍ഷങ്ങള്‍ക്ക് ശേഷം തടസ്സങ്ങളെല്ലാം നീക്കി പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. കിഫ്ബി പദ്ധതിയില്‍ 37.76 കോടി രൂപ ചെലവഴിച്ച് റിംഗ് റോഡ് പദ്ധതി പുനരാരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അതിന്റെ തറക്കല്ലിടല്‍ കഴിഞ്ഞദിവസം പാലക്കാട് വെച്ച് നടന്നു.
മലമ്പുഴ മയിലാടി പുഴയ്ക്ക് കുറുകെ തെക്കേ മലമ്പുഴയെയും എലിവാല്‍, കൊല്ലന്‍കുന്ന് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തിയാണ് ഇതില്‍ പ്രധാനം. പാലം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തന്നെ ഈ നാടിന്റെ ഗതാഗത പ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യമായ ഗതാഗതസംവിധാനം ഇല്ലാത്തതിനാല്‍ സ്വന്തം നാട്ടില്‍ നിന്നും ടൗണിലേക്കോ ആശുപത്രികളിലേക്കോ എത്താന്‍ 33 കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരുന്നവരാണ് ഇവിടെയുള്ളവര്‍. അതിന് പരിഹാരം തേടിയുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ആനക്കല്‍ പ്രദേശത്തുനിന്നും മലമ്പുഴ ഡാം പ്രദേശത്തേക്ക് എത്താന്‍ 29 കിലോമീറ്റര്‍ ദൂരം കുറയും. ഇതിലൂടെ ഏഴു ഊരുകളിലായുള്ള 1200 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് നഗരത്തിലേക്ക് സഞ്ചരിക്കാന്‍ ഏഴ് കിലോമീറ്റര്‍ ദൂരം മതിയാകും.
1980 കളിലാണ് ഇവിടെ റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നത്. 1990 കളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1996 ല്‍ നിര്‍മ്മാണം തുടങ്ങി. എന്നാല്‍ 28 കിലോമീറ്റര്‍ റോഡ് പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. കൊല്ലന്‍കുന്ന് പാലം നിര്‍മ്മാണവും റോഡിന്റെ ബാക്കിഭാഗം പ്രവൃത്തിയും മുടങ്ങി. 15 കിലോമീറ്ററോളം ദൂരം വനമേഖലയിലൂടെയും മലമ്പുഴ ഡാമിന്റെ മഴ മേഖലയിലൂടെയുമാണ് റിംഗ് റോഡ് കടന്നുപോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡാം കാണാന്‍ വരുന്നവര്‍ക്ക് റിസര്‍വ്വോയര്‍ ചുറ്റി സഞ്ചരിക്കാന്‍ സാധിക്കും.
ജനങ്ങളുടെ ഗതാഗത പ്രശ്‌നം പരിഹരിക്കുക മാത്രമല്ല, മലമ്പുഴയുടെ വികസനത്തിനും മുതല്‍ക്കൂട്ടായിരിക്കും ഈ പദ്ധതി. ടൂറിസം മേഖലയില്‍ മലമ്പുഴ കൂടുതല്‍ ആകര്‍ഷകമാകും.
രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ സമയബന്ധിതമായി തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.