only technically perfect projects should be given technical sanction

സാങ്കേതിക പൂര്‍ണ്ണത ഉറപ്പാക്കി മാത്രം സാങ്കേതികാനുമതി നല്‍കുക

Share this post:

ടീം പിണറായി സമക്ഷം, കേരള കരാറുകാര്‍- 6.

വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍ (സര്‍ക്കാര്‍ കരാറുകാരുടെ ഏകോപന സമിതി)

തിരുവനന്തപുരം, മാര്‍ച്് 30. എഞ്ചിനീയറിംഗ് സര്‍വെ ഫലങ്ങളുടെ അടിസ്ഥാനത്തിലും എഞ്ചിനീയറിംഗ് തത്വങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടും അനുയോജ്യമായ നിര്‍മ്മാണ രീതി ശാസ്ത്രം തെരഞ്ഞെടുത്തും തയ്യാറാക്കുന്ന രൂപകല്പനയും അടങ്കലുമാണ് ഏതൊരു നിര്‍മ്മിതിയുടെയും വിജയത്തിനുള്ള അടിസ്ഥാന ഘടകം. സാങ്കേതികനുമതി (ടി.എസ്) നല്‍കുമ്പോള്‍ ഇവയൊക്കെ ഉറപ്പുവരുത്താന്‍ ബാദ്ധ്യസ്ഥമാണ്.

നിര്‍ഭാഗ്യവശാല്‍ പലപ്പോഴും സാങ്കേതികാനുമതി വെറും ചടങ്ങായി മാറുന്നു. ചെരുപ്പിനനുസരിച്ച് പാദം മുറിയ്ക്കുന്നതു പോലെ അനുവദിക്കപ്പെടുന്ന ഫണ്ടിനനുസരിച്ചും ബാഹ്യ താല്പര്യങ്ങള്‍ സംരക്ഷിച്ചുമാണ് രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കപ്പെടുന്നതു്. ചെറുകിട -വന്‍കിട ഭേദമന്യേ കേരളത്തിലെ പൊതു നിര്‍മ്മിതികള്‍ നേരിടുന്ന പ്രതിസന്ധിയാണിത്.

ഭാവി ഗതാഗത തിരക്കിനനുസരിച്ചുള്ള വീതി നമ്മുടെ റോഡുകള്‍ക്ക് ആവശ്യമാണ്. വാഹനങ്ങളുടെ ആക്‌സില്‍ ലോഡ് കണക്കാക്കി വേണം റോഡിന്റെ ഉപരിതലം രൂപകല്പന നടത്തേണ്ടത്.അങ്ങനെയൊന്നും സംഭവിക്കുന്നില്ല. എഞ്ചിനീയറിംഗ് തത്വങ്ങള്‍ അവഗണിച്ചു കൊണ്ട് നടത്തിയ പൊരുത്തപ്പെടലുകള്‍ മൂലം അകാലത്തില്‍ തകരുകയോ കാലഹരണപ്പെടുകയോ ചെയ്യുന്ന നിര്‍മ്മിതികള്‍ ഏറെയാണ്.

സാങ്കേതിക പൂര്‍ണ്ണതയോടുകൂടി രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. സാങ്കേതിക പിഴവുകളുടെ ഉത്തരവാദിത്വം സാങ്കേതികാനുമതി നല്‍കുന്നവര്‍ക്കായിരിക്കണം. സൈറ്റ് സന്ദര്‍ശിച്ചും സര്‍വ്വേ ഫലങ്ങള്‍ വിലയിരുത്തിയും മാത്രമേ സാങ്കേതികാനുമതി നല്‍കാവൂ. പഞ്ചായത്തിലെ ചെറിയ പ്രവര്‍ത്തികളുടെ അടങ്കലുകള്‍ മുതല്‍ വലിയ പദ്ധതികളുടെ ഡി.പി.ആറുകള്‍ വരെ സാങ്കേതിക പിഴവുകളില്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം.


Share this post:

Leave a Reply

Your email address will not be published. Required fields are marked *