തിരുവനന്തപുരം, മാര്‍ച്ച് 30. കേരള സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ കീഴില്‍ സാങ്കേതിക ബിരുദധാരികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഫിനിഷിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സിവില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നൈപുണ്യ പരിശീലനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കളമശേരിയിലെ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ മേഖലാ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരില്‍ വലിയൊരു ശതമാനം പേര്‍ക്കും തൊഴിലില്‍ ആവശ്യമായ നൈപുണ്യമില്ല എന്ന പരാതികള്‍ ഉയരുന്നത് പതിവായി മാറുകയാണ്. ഇതിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിനിഷിംഗ് സ്‌കൂള്‍ ഫോര്‍ സ്‌കില്‍ ഇംപ്രൂവ്‌മെന്റ് എന്ന പേരില്‍ തൊഴിലധിഷ്ഠിത കോഴ്‌സ് സംഘടിപ്പിക്കുന്നത്. സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്ക് വേണ്ടിയാണ് കേന്ദ്രം. കളമശേരി എന്‍.എ.എഡി റോഡിലുള്ള സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ മേഖലാ ഓഫീസിലാണ് ഫിനിഷിംഗ് സ്‌കൂള്‍ സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് വിജയകരമായി നടപ്പാക്കിയ ശേഷമാണ് എറണാകുളത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ വിഷയവുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മാണമേഖലയിലെ തൊഴില്‍ പരിശീലനവും ജോലി സംബന്ധമായ അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കാനുള്ള പരിശീലനവും നല്‍കും. ഒരു ബാച്ചില്‍ 20 പേരെയാണ് പ്രവേശിപ്പിക്കുക. ഫിനിഷിംഗ് സ്‌കൂള്‍ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.
