Administrative Sanction should mean money: Contractors to Pinarayi

ഭരണാനുമതി = പണം എന്ന സ്ഥിതി വീണ്ടെടുക്കുക

ടീം പിണറായി സമക്ഷം കേരള കരാറുകാര്‍-5

വര്‍ഗീസ് കണ്ണമ്പള്ളി (കരാറുകാരുടെ ഏകോപന സമിതി കണ്‍വീനര്‍)

പണം ഉണ്ടായിരിക്കുകയോ ബാദ്ധ്യത ഉത്ഭവിക്കുന്ന മുറയ്ക്ക് (ബില്ലുകള്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ ) പണം ലഭ്യമാക്കാമെന്ന് ഉറപ്പുണ്ടായിരിക്കുകയോ ചെയ്താല്‍ മാത്രമേ ഒരു പ്രവര്‍ത്തിക്കു് ഭരണാനുമതി (Administrative sanction)നല്‍കാവൂ എന്നാണ് കേരളാ ഫിനാന്‍ഷ്യല്‍ കോഡ് അനുശാസിക്കുന്നതു്. അങ്ങനെയാണ് , ഭരണാനുമതി എന്നാല്‍ പണം എന്ന പ്രയോഗം ഉണ്ടായത്.

പ്രസ്തുത വ്യവസ്ഥ കര്‍ശനമായി പാലിച്ചിരുന്നപ്പോള്‍ കരാറുകാരുടെ ബില്ലുകള്‍ കുടിശിക വരില്ലായിരുന്നു.
അടങ്കല്‍ തുകയുടെ നാമമാത്ര വിഹിതം മാത്രം ബഡ്ജറ്റില്‍ വകയിരുത്തിയതിനു ശേഷം ഭരണാനുമതി നല്‍കുകയും ടെണ്ടര്‍ നടത്തുകയും ചെയ്തു തുടങ്ങിയപ്പോള്‍ കുടിശ്ശിക കുന്നുകൂടാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രാദേശിക ഗ്രാമീണ റോഡ് പ്രോജക്ടിലെ ( CMLRRP) പ്രവര്‍ത്തികളുടെ ബില്ലുകള്‍ വരെ അനന്തമായി കുടിശ്ശികയാണ്. എം.എല്‍.എ ഫണ്ട് ബില്ലുകളും കുടിശ്ശികയാണ്. വനം വകുപ്പിലെയും, ജല അതോരിറ്റിയിലെയും ബില്ലുകള്‍ കുടിശ്ശികയ്ക്ക് കുപ്രസിദ്ധമാണ്.

നടപടിക്രമങ്ങള്‍ വൈകുന്നതു മുലം കിഫ്ബിയിലെ ബില്ലുകള്‍ പോലും ഫലത്തില്‍ കുടിശ്ശികയാകുന്നു.
പ്രവര്‍ത്തികളുടെ ഗുണമേന്മയും വേഗതയും ഉറപ്പു വരുത്തുന്നതിനുള്ള രണ്ട് മുന്‍ ഉപാധികള്‍ കുടിശ്ശികരഹിത സ്ഥിതിയും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളുമാണ്.

2018 ലെ കേന്ദ്രബഡ്ജറ്റില്‍ ധനമന്തി നിര്‍മ്മല സീതാരാമന്‍ കരാറുകാരുടെ ബില്ലുകള്‍ നല്‍കുന്നതിന് ഒരു പ്രത്യേക പ്ലാറ്റ്‌ഫോം സൃഷ്ടിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്വത്തോടു കൂടി കരാറുകാരുടെ ബില്ലുകളുടെ പണം രൊക്കം നല്‍കുക, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പലിശ സഹിതം സര്‍ക്കാര്‍ പണം തിരികെ നല്‍കുക. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതു് നടപ്പാക്കി തുടങ്ങി.

നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കുന്നതിന് കേരള സര്‍ക്കാര്‍ സമാനമായ പദ്ധതിയാണ് വര്‍ഷങ്ങളായി നടപ്പാക്കി വരുന്നത്.കരാറുകാര്‍ക്ക് പലിശ ബാദ്ധ്യതയില്ലാതെ രൊക്കം പണം കിട്ടുന്നു. എന്നാല്‍ പൊതുമരാമത്ത് കരാറുകാരുടെ ബി.ഡി.എസില്‍ കരാറുകാര്‍ പലിശയുടെ 50 ശതമാനം വഹിക്കണം
ജല അതോരിറ്റിയില്‍ 100 ശതമാനം പലിശയും കരാറുകാര്‍ നല്‍കണം.

വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് ഭരണാനുമതി നല്‍കുകയോ, ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിച്ച് പലിശ ബാദ്ധ്യത കരാറുകാരില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി നടപ്പാക്കുകയോ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *