ടീം പിണറായി സമക്ഷം കേരള കരാറുകാര്‍- 4
വര്‍ഗീസ് കണ്ണമ്പള്ളി (സര്‍ക്കാര്‍ കരാറുകാരുടെ ഏകോപന സമിതി കണ്‍വീനര്‍)
2017 ജൂലൈ 1ന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍, നിരവധി പ്രവര്‍ത്തികള്‍ ഭാഗീകമായോ പൂര്‍ണ്ണമായോ വാറ്റില്‍ നിന്നും ജി.എസ്.ടിയിലേയ്ക്ക് മാറ്റപ്പെട്ടു. ടെണ്ടറിന്റെയോ എഗ്രിമെന്റിന്റെയോ തീയതി പരിഗണിക്കാതെ 2017 ജൂലൈ 1 മുതല്‍ എം.ബുക്കില്‍ രേഖപ്പെടുത്തപ്പെട്ട അളവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട ബില്ലുകളില്‍ 4% വാറ്റിനു പകരം 18/12% ജി .എസ് .ടി നല്‍കേണ്ടി വന്നു. 2017 ആഗസ്റ്റ് 22 വരെ പ്രവര്‍ത്തികളിന്മേലുള്ള ജി.എസ്.ടി 18 ശതമാനമായിരുന്നു. അതിനു ശേഷം 12 ശതമാനമായി.
നാലു ശതമാനം വാറ്റ് കോമ്പൗണ്ടിംഗ് നികുതി മാത്രം നല്‍കാന്‍ ബാദ്ധ്യസ്ഥരായിരുന്ന കരാറുകാര്‍ക്ക് നല്‍കേണ്ടി വന്ന അധിക തുക അവാര്‍ഡര്‍മാര്‍ തിരികെ നല്‍കേണ്ടതായിരുന്നു. തല്‍സംബന്ധമായി ധനവകുപ്പ് ഉത്തരവുമിറക്കി. നിര്‍ഭാഗ്യവശാല്‍ കരാറുകാരുടെ നഷ്ടം ഇതുവരെ നികത്തപ്പെട്ടിട്ടില്ല. ബഹു മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടേണ്ട ഒരു സംഗതിയാണിത്.
2022 ജനുവരി 1 മുതല്‍ അതോരിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തികളിന്മേലുള്ള ജി-എസ്.ടി 18 ശതമാക്കി ഉയര്‍ത്തി. മുന്‍പ്, കരാര്‍ ഉറപ്പിച്ച പ്രവര്‍ത്തിയാണെങ്കിലും, ജനുവരി 1 മുതല്‍ രേഖപ്പെടുത്തപ്പെടുന്ന അളവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന ബില്ലുകളിന്മേല്‍ കരാറുകാര്‍ 12-ന് പകരം 18% ജി.എസ് .ടി അടയ്ക്കണം. അധിക തുക അവാര്‍ഡര്‍മാര്‍ കരാറുകാര്‍ക്കു് നല്‍കണം. അതിനുള്ള നടപടി ഉടനെ സ്വീകരിക്കണം.
വാറ്റ് ആംനസ്ടി സ്‌കീം വീണ്ടും നടപ്പാക്കാനുള്ള ധനമന്തിയുടെ ബഡ്ജ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.
സര്‍വ്വീസ് ടാക്‌സ്, വാറ്റ്, ജി.എസ്.ടി എന്നിവയില്‍ തങ്ങളുടേതല്ലാത്ത കുറ്റം മൂലം ഒട്ടേറെ കരാറുകാര്‍
താങ്ങാനാവാത്ത പീഡനം അനുഭവിക്കുകയാണ്. പലരും കരാര്‍ പണി ഉപേക്ഷിക്കേണ്ടി വന്നു. കേന്ദ്ര ധനവകുപ്പിന്റെയും ജി.എസ്.ടി കൗണ്‍സിലിന്റേയും മുമ്പാകെ ഇവ അവതരിപ്പിക്കാനും കരാറുകാര്‍ക്കു് നീതി ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.