ന്യൂഡല്‍ഹി, മാര്‍ച്ച് 24. സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗറയില്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുഭാവപൂര്‍ണ്ണമായ നിലപാടാണ് പ്രകടിപ്പിച്ചതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാര്യത്തിലുള്ള നന്ദി ഈ രുപത്തില്‍ പ്രധാനമന്ത്രിയെ ഈ ഘട്ടത്തില്‍ അറിയിക്കുകയും ചെയ്യട്ടെ, ശ്രീ പിണറായി പറഞ്ഞു. ഡള്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഇടയാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി റെയില്‍വെ മന്ത്രിയെ കണ്ടില്ലെങ്കിലും അതിനിടക്ക് റെയില്‍വെ മന്ത്രിയെയും കാണാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയോട് സംസാരിച്ചതും പ്രധാനമന്ത്രി അദ്ദേഹവുമായി ബന്ധപ്പെടുമെന്നും സംസാരിക്കു മെന്നും അറിയിച്ചതും അദ്ദേഹത്തോട് പറയാന്‍ കഴിഞ്ഞു. അതിനപ്പുറം ഒരു ചര്‍ച്ചക്ക് അദ്ദേഹവുമായി ഇന്ന് പോയിട്ടില്ല.
നമ്മുടെ നാട് ഗതാഗത രംഗത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവും വേഗത കൂടിയതുമായ ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാവണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. നിലവിലെ സംവിധാനങ്ങള്‍ ആധുനിക കാലത്തെ സൗകര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ അപര്യാപ്തമാണ്, മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പ്രധാന പ്രശ്നം യാത്രയ്ക്കു വേണ്ടി വരുന്ന അധിക സമയമാണ്. തൊട്ടുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ ശരാശരി വേഗം 40 ശതമാനവും റെയില്‍ ഗതാഗതത്തിന്റെ ശരാശരി വേഗം 30 ശതമാനവും കുറവാണ്. അതുകൊണ്ടാണ് യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രത്യേകമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുത്.
സില്‍വര്‍ലൈന്‍ പദ്ധതി നാഷണല്‍ റെയില്‍ പ്ലാനിന്റെ ഭാഗമാണ്, ശ്രീ പിണറായി പറഞ്ഞു. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന പദ്ധതികള്‍ 2030 ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് വേഗത്തില്‍ അനുമതി ലഭ്യമാക്കിയാല്‍ പണികള്‍ താമസം
കൂടാതെ ആരംഭിക്കാന്‍ കഴിയും. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈനില്‍ ഈ റെയില്‍ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായിക്കൂടി കാണേണ്ടതുണ്ട്.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇന്നത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചത്.
2017 ഒക്ടോബര്‍ 27 നാണ് അന്നത്തെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും ദക്ഷിണ റെയില്‍വേ / ഐ സി എഫ് ജനറല്‍ മാനേജര്‍ സുധാന്‍ശു മണിയും തിരുവനന്തപുരത്തു വന്ന് കണ്ടത്. തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ മൂന്നും നാലും റെയില്‍വേ പാതകള്‍ ഇടാനുള്ള തീരുമാനം ഉണ്ടായത് അന്നാണ്. 30.12.2017 ന് ഒരു പ്രീഫീസിബിലിറ്റി റിപ്പോര്‍ട്ട് കെ റെയില്‍ കമ്പനി റെയില്‍വേ മന്ത്രാലയത്തിനു അയച്ചു കൊടുക്കുകയും അതില്‍ വിശദമായ പഠനം നടത്തി സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. അതു പ്രകാരം റിപ്പോര്‍ട്ട്/ഡിപിആര്‍ നടത്തുന്നതിനുള്ള ജനറല്‍ കണ്‍സള്‍ട്ടന്റായി ഗതാഗത മേഖലയിലെ കണ്‍സള്‍ട്ടന്റായ സിസ്ട്രയെ നിയമിച്ചു, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചരിത്രം പിണറായി ഓര്‍മ്മിപ്പിച്ചു.