കൊച്ചി, മാര്‍ച്ച് 22. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും കെ- റെയില്‍ ഉദ്യോഗസ്ഥരും സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് കൊച്ചിയില്‍ പറഞ്ഞു. ഡി.പി.ആര്‍ നന്നായി പഠിച്ചിട്ടുണ്ടെന്നും അതില്‍ ബഫര്‍ സോണ്‍ ഇല്ലെന്നുമാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ ബഫര്‍ സോണ്‍ ഉണ്ടാകുമെന്നും ആ ബഫര്‍ സോണില്‍ വീട് പണിയാന്‍ അനുമതി നല്‍കില്ലെന്നുമാണ് കെ- റെയില്‍ എം.ഡി മണിക്കൂറുകള്‍ക്കകം വ്യക്തമാക്കിയത്. ഡി.പി.ആറിലെ വസ്തുതാപരമായ തെറ്റുകളാണ് ഇവരെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഒന്ന്, ഡി.പി.ആറില്‍ വേറൊന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കെ- റെയില്‍ എം.ഡിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ആദ്യം സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ഈ വിഷയം പഠിക്കണം. മന്ത്രിമാര്‍ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ ഡി.പി.ആറിനെ കുറിച്ച് പോലും അറിയില്ല, ശ്രീ സതീശന്‍ പറഞ്ഞു.
ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. ജാമ്യമില്ലാ കേസു പ്രകാരം ജയിലില്‍ പോകാന്‍ തയാറാണെന്നതാണ് ഇതിനുള്ള മറുപടി. യു.ഡി.എഫ് ഭയരഹിതരായി ജനങ്ങള്‍ക്കൊപ്പം നിന്ന് ഈ സമരം മുന്നോട്ട് കൊണ്ടു പോകും. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞു.
പദ്ധതി എന്താണെന്നു പോലും അറിയില്ലെങ്കിലും അഴിമതിയുടെ സാധ്യതകളാണ് പദ്ധതിയോടുള്ള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിന് കാരണമെന്ന് ശ്രീ സതീശന്‍ പറഞ്ഞു. നിയമസഭയില്‍ നേര്‍ക്കുനേര്‍ ചോദ്യം ചോദിച്ചിട്ടു പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഡി.പി.ആറില്‍ ഉള്ളതല്ല, താന്‍ പറയുന്നതാണ് ശെരിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ ഡി.പി.ആര്‍ എന്തിനാണ്? പിന്നെ എന്തിനാണ് പഠനം നടത്തുന്നത്, പ്രതിപക്ഷ നേതാവ് ചോദിച്ചു. തട്ടിക്കൂട്ട് റിപ്പോര്‍ട്ടുമായാണ് കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും അനുമതി വാങ്ങാനും സ്ഥലം ഏറ്റെടുക്കാനും ശ്രമിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കെ- റെയില്‍ എം.ഡി ഇന്നലെ പറഞ്ഞത്. സാമൂഹിക ആഘാത പഠനത്തിന് കല്ലിടാനായി ഹൈക്കോടതിയില്‍ നിന്നും അനുമതി തേടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും അനുമതി കിട്ടാതെ സ്ഥലം ഏറ്റെടുക്കില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നിട്ടാണ് സ്ഥലം ഏറ്റെടുക്കാന്‍ അനുമതി കിട്ടിയെന്ന് കെ- റെയില്‍ എം.ഡി പറയുന്നത്.
എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ സമരത്തിന് പിന്നിലുണ്ട്. സി.പി.ഐയുടെ സി.പി.എമ്മിന്റെയും പ്രവര്‍ത്തകരും ശാസ്ത്ര സാഹിത്യ പരിഷത്തും എഴുത്തുകാരുമെക്കെ പദ്ധതി ഉപേക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക സമരത്തെ മോദി നേരിട്ട അതേ രീതിയിലാണ് പിണറായി വിജയനും സില്‍വര്‍ ലൈന്‍ സമരത്തെ നേരിടുന്നത്. കര്‍ഷക സമരത്തിന് മുന്നില്‍ മോദിക്ക് മുട്ടു മടക്കേണ്ടി വന്നതു പോലെ പിണറായിക്കും മുട്ടുമടക്കേണ്ടി വരും, പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.