തിരുവനന്തപുരം, മാര്‍ച്ച് 11. ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച 2022-23ലെ ബജറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, നോളജ് ഇക്കണോമി വികസനം എന്നിവ ലക്ഷ്യമിടുന്നു. 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും ബജറ്റ് പ്രതീക്ഷിക്കുന്നു.
മൂലധന ചെലവിനായി വകയിരുത്തിയരിക്കുന്ന 14891 കോടി രൂപ താരതമ്യേന കുറവാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനമാണ് റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി. പൊതുകടം വളര്‍ന്ന് 37.18 ശതമാനം എന്ന നിലയിലാണ്.
റോഡ്, വിമാനത്താവള വികസനം
ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ 1.31 ലക്ഷം കോടിയുടെ വിവിധ റോഡുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതില്‍ സ്ഥലമേറ്റെടുക്കലിന്റെ 25-50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്നു. തിരുവനന്തപുരം അങ്കമാലി എം.സി റോഡിന്റെയും, കൊല്ലം-ചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കിഫ്ബി വഴി കോടി റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ.
റോഡ് നിര്‍മ്മാണത്തില്‍ റബ്ബര്‍ മിശ്രിതം കൂടി ചേര്‍ക്കുന്ന പദ്ധതിയ്ക്കായി 50 കോടി രൂപയും കെ.എസ്.ആര്‍.ടി.സിയ്ക്ക് 1106 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കെ-റെയില്‍ പദ്ധതിയ്ക്ക് ഭൂമി എറ്റെടുക്കുന്നതിനായി കിഫ്ബി വഴി 2000 കോടി രൂപ ബജറ്റ് നീക്കിവെച്ചിട്ടുണ്ട്.
ഇടുക്കി- വയനാട് കാസര്‍ഗോഡ് എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി 4.51 കോടി രൂപ. ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുമായി 2 കോടി രൂപ. കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് 5 കോടി രൂപ. കിഫ്ബി വഴി 2134.5 കോടി രൂപയുടെ ട്വിന്‍ ടണല്‍ പദ്ധതിയ്ക്കും തലപ്പാടി-കാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും ബജറ്റ് അനുവദിച്ചിട്ടുണ്ട്.
നോളജ് ഇക്കണോമി വികസനം
ബജറ്റ് വിഭാവനം ചെയ്യുന്ന വികസനപരിപാടികളില്‍ 1000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 4 സയന്‍സ് പാര്‍ക്കുകള്‍ പ്രധാനമാണ്. നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്‌കില്‍ പാര്‍ക്കുകള്‍ നിര്‍മിക്കും. ഈ പാര്‍ക്കുകളില്‍ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്‌സിഡിയും മറ്റ് സൗകര്യങ്ങളും ലഭ്യമാകും. 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിക്കും.
മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നു ബജറ്റ് പറയുന്നു.
കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാര്‍ക്കുകളും, കൂടാതെ ദേശീയ പാത 66-ന് സമാന്തരമായി 4 ഐ.ടി ഇടനാഴികളും നിര്‍മിക്കും. അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാര്‍ക്കുകള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു.
50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ഠിത സൗകര്യങ്ങളുള്ള ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി ബജറ്റിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശമാണ്.
വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും. കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍
അടുത്ത 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കുമെന്നും. കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ നല്കുമെന്നും ബജറ്റ് വിഭാവനം ചെയ്യുന്നു. കേരള ഗ്രാമീണ്‍ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും.
രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി രൂപ ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം, ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപ എന്നീ നിര്‍്‌ദ്ദേശങ്ങളും ബജറ്റിലുണ്ട്. 28 കോടി രൂപ ചെലവില്‍ ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ടെക്‌നോളജി ഹബ് തുടങ്ങും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍. അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി എന്നിവയും ബജറ്റ് വിഭാവനം ചെയ്യുന്ന പദ്ധതികളാണ്.
ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്‌കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി, KFC -വഴി MSME പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി 500 കോടി എന്നിവയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക വ്യവസായങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ KFC -വഴി 10 കോടി രൂപയുടെ വായ്പ
ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍ പദ്ധതി എന്നിവയും ബജറ്റ് വിഭാവനം ചെയ്യുന്നു.