തിരുവനന്തപുരം, ഫെബ്രുവരി 23. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരത്തിത്തിലേക്ക് തടസ്സരഹിതമായി എത്തിച്ചേരാന്‍ തീരദേശവാസികളെ സഹായിക്കുന്ന കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം മാര്‍ച്ച് 7ന് ഉദ്ഘാടനം ചെയ്യും.
2018 സെപ്റ്റംബര്‍ അഞ്ചിനാണ് പാലംനിര്‍മാണം ആരംഭിക്കുന്നത്. 18 മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനായിരുന്നു കരാറെങ്കിലും കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി പ്രതിസന്ധിയിലായി. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റപ്പോള്‍ തന്നെ കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്പാലം പ്രവൃത്തിയുടെ പുരോഗതി താനും ശീ. ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും നിരന്തരം വിലയിരുത്തിയിരുന്നതായി പൊതുമരാമത്ത് വകുപ്പ്ു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കാഞ്ഞങ്ങാട് നഗരത്തിന്റെ ചിരകാല അഭിലാഷമായിരുന്നു കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം. കാഞ്ഞങ്ങാട് നഗരത്തിലേക്ക് എത്തിച്ചേരാന്‍ തീരദേശ ജനത വലിയ പ്രയാസമാണ് അനുഭവിച്ചത്. 2010 മുതലാണ് ഇവിടെ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നത്. ഇപ്പൊള്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് മേല്‍പാലം ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. കാഞ്ഞങ്ങാട്ടെ കടപ്പുറം, മീനാപ്പീസ് കടപ്പുറം, കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ തീരദേശ മേഖലയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മേല്‍പാലം വരുന്നത് തീരദേശ മേഖലയുടെ വികസനത്തിനും സഹായകരമായിരിക്കും.