തിരുവനന്തപുരം, ഫെബ്രുവരി 18. കെ റെയില്‍ പദ്ധതിക്കെതിരേ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭം നടത്താന്‍ തയ്യാറെടുക്കുന്നു. ഇന്ന് തിരുവനന്തപുരത്ത ചേര്‍ന്ന കെപിസിിസി എക്‌സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്. കെ റെയില്‍ പദ്ധതി കേരളത്തിന് അങ്ങേയറ്റം ഹാനികരമായതിനാല്‍ എന്തുവില കൊടുത്തും എതിര്‍ത്ത് തോല്പിക്കേണ്ടതുണ്ട്. കെ റെയില്‍വേണ്ട കേരളം മതി എന്ന മുദ്രാവാക്യമാണ് ഇനി കേരളത്തില്‍ അലയടിക്കാന്‍ പോകുന്നത്. ഏറ്റവും വലിയ പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നത്, കെപിസിസി പത്രക്കുറിപ്പ് പറഞ്ഞു.
കെ റെയില്‍ വിരുദ്ധ മഹാപ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ പ്രതിഷധ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വീടുകള്‍ കയറി സംസ്ഥാനവ്യാപകമായ പ്രചാരണ നടത്തും. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് യുഡിഎഫ് തയാറാക്കിയ വസ്തുതാവിവരണ ലഘുലേഖ വിതരണം ചെയ്യും. പരിപാടിയില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഡിസിസി യോഗങ്ങള്‍ ഫെബ്രു 25നകവും, ബ്ലോക്ക്തലയോഗങ്ങള്‍ ഫെബ്രു 28നകവും, മണ്ഡലംതല യോഗങ്ങള്‍ മാര്‍ച്ച് 3നകവും, കളക്ടറേറ്റ് മാര്‍ച്ച് – മാര്‍ച്ച് 7 നും നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന കെ റെയില്‍ ജില്ലാതല കണ്‍വന്‍ഷനുകള്‍. വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകള്‍, 1000 പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ഈ തയാറെടുപ്പുകള്‍ക്കുശേഷം പ്രക്ഷോഭം കൂടുതല്‍ തീവ്രമായ അടുത്തഘട്ടത്തിലേക്കു കടക്കും.
കെ റെയില്‍ വേണ്ട
കെ റെയില്‍ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം, സാമൂഹികാഘാതം, സാമ്പത്തികാഘാതം എന്നിവ കേരളംപോലൊരു പ്രദേശത്തിനു താങ്ങാനാവുന്നതല്ല, എന്ന് കെപിസിസി ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങള്‍ വിദഗ്ധരും ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതി സ്നേഹികളും ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടിക്ക് കിട്ടുന്ന വലിയ സാമ്പത്തിക പ്രയോജനം ലക്ഷ്യമിട്ടാണ്. സിപിഎമ്മിനെ പോറ്റിവളര്‍ത്താന്‍ കേരളത്തെ പണയപ്പെടുത്തുന്ന അതീവഗുരുതരമായ അവസ്ഥയാണ് കാണുന്നത്, പത്രക്കുറിപ്പ് പറഞ്ഞു.