തിരുവനന്തപുരം, ഫെബ്രുവരി 10. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പുതിയ നൂറുദിന കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള രണ്ടാമത്തെ നൂറുദിന പരിപാടിയാണ് ഇപ്പോള്‍ തുടങ്ങിവെക്കുന്നത്. ഇതിന്റെ പരിസമാപ്തി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിലായിരിക്കും എന്ന പ്രത്യേകത കൂടിയുണ്ട്
എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ് രണ്ടാം 100 ദിന കര്‍മ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സമസ്ത മേഖലകളെയും പുരോഗമനപരമായി സ്വാധീനിക്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഈ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടുള്ളതെന്ന് പരിപാടി വിശദീകരിച്ചു കൊണ്ട് ശ്രീ പിണറായി വിജയന്‍ പറഞ്ഞു. ചുരുങ്ങിയ നാള്‍ കൊണ്ടാണെങ്കിലും ബൃഹത്തായ പദ്ധതികള്‍ തന്നെയാണ് നടപ്പാവുന്നത്. 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നടപ്പാക്കിയ നൂറുദിന പരിപാടിയില്‍ സാമൂഹിക സുരക്ഷയും തൊഴില്‍ സുരക്ഷയും പശ്ചാത്തല സൗകര്യ വികസനവും പ്രധാന അജണ്ടയായിരുന്നു. അതേ പാത പിന്തുടര്‍ന്നാണ് ഇത്തവണയും കര്‍മ്മപരിപാടി നടപ്പാക്കുന്നത്.
ലൈഫ് മിഷന്റെ ഭാഗമായി 20,000 പേര്‍ക്ക് വീടുകള്‍, മൂന്ന് ഭവന സമുച്ചയങ്ങള്‍, പുനര്‍ഗേഹം വഴി 532 വീടുകള്‍, കേരളത്തില്‍ അങ്ങോളമിങ്ങോളം വാതില്‍പ്പടി സേവനം, 15,000 പേര്‍ക്ക് പട്ടയം പക്ഷെ ഉറപ്പായും അതില്‍ കൂടുതല്‍ എണ്ണം നല്‍കാനായി പോവുകയാണ്.., 14,000 കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍, എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍, 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 150 വെല്‍നെസ് സെന്ററുകള്‍, 53 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, 150 വിദ്യാര്‍ത്ഥികള്‍ക്ക് നവകേരള ഫെലോഷിപ്പ്, 1,500 ഗ്രാമീണ റോഡുകള്‍, മാങ്കുളം ജലവൈദ്യുത പദ്ധതി, ചേര്‍ത്തല മെഗാ ഫുഡ് പാര്‍ക്ക് എന്നിവയൊക്കെ ഈ നൂറുദിന പരിപാടിയുടെ ഭാഗമാണ്.
എന്നാല്‍ ഈ പ്രഖ്യാപനങ്ങളിലൊന്നും ആത്മാര്‍ത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍ പ്രഖ്യാപിച്ചതാണ് കെ ഫോണ്‍ പദ്ധതി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 1000 കോടി മൂലധന ചെലവുവരുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്ക് പോലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ 20 ലക്ഷത്തിനു പകരം 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍മെന്നതാണ് പുതിയ വാഗ്ദാനം. ഈ നിലയ്ക്ക് പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിനടക്കം നിയനം നല്‍കാനുള്ള ലാവണം മാത്രമായിരുന്നു കെ ഫോണെന്ന് സാരം.
ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്നതിയിരുന്നു ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. വിചിത്രമായ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചരുക്കുന്നതിനാണ് മിഷന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്, ശ്രീ സതീശന്‍ പറഞ്ഞു. ഈ പാളിച്ച പരിഹരിക്കാന്‍ 2020 ജൂലൈ 1 നു അപേക്ഷ ക്ഷണിച്ചിരുന്നു. അത്തരത്തില്‍ അപേക്ഷ നല്‍കിയ 9,20,261 അപേക്ഷകരുടെ അന്തിമ ലിസ്റ്റ് ഇതുവരെ തയാറാക്കിയിട്ടില്ല. അന്തിമ പട്ടിക 2020 സെപ്റ്റംബര്‍ 30 നു സമര്‍പ്പിക്കുമെന്ന് ഉറപ്പു നല്‍കിയ സര്‍ക്കാര്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 6-1-2022 വരെയുള്ള കണക്കു പ്രകാരം 9,20,261 അപേക്ഷകരില്‍ 5,83,676 അപേക്ഷകള്‍ മാത്രമാണ് സര്‍ക്കാരിനു പരിശോധിക്കാന്‍ സാധിച്ചത്. അതില്‍ 3,76,701 പേരെയാണ് അര്‍ഹതയുള്ളവരായി കണ്ടെത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച അപേക്ഷകള്‍ പോലും പരിശോധിക്കാന്‍ സാധിക്കാത്തവര്‍ ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി വരുന്നത് പരിഹാസ്യമാണ്, പ്രതിപക്ഷ നേതാവ് പറഞ്ഞു.