റോഡ് അറ്റകുറ്റപണികള്‍ക്കു വേണ്ടിയുള്ള റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ അംഗീകരിച്ചു

Share this post:

വര്‍ഗീസ് കണ്ണമ്പള്ളി

തിരുവനന്തപുരം ഫെബ്രുവരി 9. റോഡ് അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ അംഗീകരിച്ച് കേരള സര്‍ക്കാര്‍ ഉത്തരവായി. കരാര്‍ വ്യവസ്ഥകള്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രസിദ്ധീകരിക്കാന്‍ വൈകിയതു മൂലം പൊതുമരാമത്ത് മന്ത്രിയുടെ സ്വപ്ന പദ്ധതിയായ റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം പ്രതിസന്ധിയിലായിരുന്നു.

2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം റണ്ണിംഗ് കോണ്‍ട്രാക്ടിംഗ് നടപ്പിലാക്കാനാണു് പൊതുമരാമത്ത് വകുപ്പ് പരിശ്രമിച്ചതു്. കുറെ ടെണ്ടറുകള്‍ നടത്തുകയും ചെയ്തിരുന്നു എന്നാല്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമല്ലാത്തതിനാല്‍ ടെണ്ടര്‍ ചെയ്യപ്പെട്ട പ്രവര്‍ത്തികളില്‍ പോലും കരാര്‍ ഉറപ്പിക്കാന്‍ സാധിച്ചില്ല.

പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ കരട് നിബന്ധനകള്‍ ധനവകുപ്പും ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനും (CTE) അംഗീകരിച്ചതിനു ശേഷമാണ് ഇപ്പോള്‍ ഗവ ഉത്തരവ് പുറത്ത് വന്നിരിക്കുന്നതു്. G.0.(Rt) No.147/2022/PWD Dated, Thiruvananthapuram, O9.02.2022 ഇറങ്ങിയതിനാല്‍ ഇതിനോടകം കരാറുകാര്‍ ഏറ്റെടുത്ത പ്രവര്‍ത്തികളുടെ കരാറുകള്‍ ഉറപ്പിക്കാനും മറ്റ് പണികള്‍ ടെണ്ടര്‍ ചെയ്യാനും കഴിയും. ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രത്യേക വ്യവസ്ഥകളെല്ലാം പ്രായോഗികമാണെന്ന് പറയാനാവില്ല. നടപ്പിലാക്കി തുടങ്ങുമ്പോള്‍ മാത്രമേ പല വ്യവസ്ഥകളിലും മാറ്റം അനിവാര്യമാണെന്ന് ബോദ്ധ്യപ്പെടുകയുള്ളു. പുതിയൊരു പദ്ധതിയില്‍ എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും മുന്‍കൂട്ടി കാണാന്‍ കഴിയില്ല. എഞ്ചിനീയറിംഗ് വിഭാഗവും മന്ത്രിയും യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രത്യേക വ്യവസ്ഥകള്‍ കരാറുകാര്‍ നന്നായി മനസിലാക്കണം. തങ്ങള്‍ക്ക് അനുസരിക്കാന്‍ പറ്റാത്ത വ്യവസ്ഥകളുണ്ടെങ്കില്‍ അത് തിരിച്ചറിയണം. ചാടിക്കയറി കരാറെടുത്തിട്ട്, പിന്നീട് കയ്യും കാലും ഇട്ടടിക്കുന്നതില്‍ കാര്യമില്ല. എന്ത് പ്രതികൂല സ്ഥിതി ഉണ്ടായാലും നിശ്ചിത കാലം വ്യവസ്ഥകള്‍ പ്രകാരം കുഴി രഹിത റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നുള്ളവര്‍ മാത്രം കരാറെടുക്കുക. എല്ലാ പ്രതികൂല സാഹചര്യങ്ങളും കണക്കിലെടുത്ത് വേണം നിരക്കുകള്‍ എഴുതേണ്ടതു്. പുതിയ ടെണ്ടര്‍ രീതി വിജയിപ്പിക്കാന്‍ നമുക്ക് ശ്രമിക്കാം. എന്നാല്‍ അതിനു വേണ്ടി ആരും ചാവേറാകരുത്. ഉത്തമ ബോദ്ധ്യത്തോടു കൂടി മാത്രം ടെണ്ടറില്‍ പങ്കെടുക്കുക.


Share this post:

Leave a Reply

Your email address will not be published. Required fields are marked *