ജി.എസ്.ടി നിരക്കുകളിലെ മാറ്റം: കരാറുകാരുടെ നഷ്ടം നികത്തണം

Share this post:

തിരുവനന്തപുരം, ഫെബ്രുവരി 5. സര്‍ക്കാര്‍ വകുപ്പുകള്‍ നേരിട്ട് ടെണ്ടര്‍ ചെയ്ത് നടത്താത്ത എല്ലാ പ്രവര്‍ത്തികളിന്മേലുമുള്ള ജി.എസ്.ടി ജനുവരി 1 മുതല്‍ 18 ശതമാനമായി വര്‍ദ്ധിപ്പിച്ചതുമൂലം കരാറുകാര്‍ക്കുണ്ടായിരിക്കുന്ന നഷ്ടം ഉടന്‍ പരിഹരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ വിവിധ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കിഫ്ബി ,കേരളാ വാട്ടര്‍ അതോരിറ്റി, കില ,കെ.എസ്.ആര്‍.ടി.സി, വൈദ്യുതി ബോര്‍ഡ് ,റൂറല്‍ ഡവലപ്മെന്റ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കാണ് നിവേദനം നല്‍കിയത്. 2021 ഡിസംബര്‍ 31 വരെ ചെയ്ത പ്രവര്‍ത്തകളുടെ ബില്ലുകള്‍ പ്രത്യേകം തയ്യാറാക്കി പഴയ നിരക്കില്‍ പാസാക്കണം. ജനുവരി 1 മുതലുള്ള അളവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന ബില്ലുകള്‍ക്ക് 18 ശതമാനം നിരക്കില്‍ ജി.എസ്.ടി നല്‍കാനാവശ്യമായ അധികതുക കരാറുകാര്‍ക്ക് ലഭ്യമാക്കണം.

ഓരോ പ്രവര്‍ത്തിക്കും വേണ്ടിവരുന്ന അധിക തുക കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ബില്‍ തുക നല്‍കുമ്പോള്‍ തന്നെ ജി.എസ്.ടിയും കരാറുകാര്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ജി .സി.എ സംസ്ഥാന ട്രഷറര്‍ കെ.അനില്‍കുമാര്‍, സെക്രട്ടറി അഷറഫ് കടവിളാകം, ജില്ലാ പ്രസിഡന്റ് ആര്‍ വിശ്വനാഥന്‍, സെക്രട്ടറി വി.പി.ആര്‍ റോയി എന്നിവരാണ് നിവേദനം കൈമാറിയത്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *