Muhammad Riyaz promises contractors' meet

ആലപ്പുഴ ബൈപ്പാസിനെ അപകടരഹിതമാക്കാന്‍ സമയബന്ധിത നടപടികള്‍

Share this post:

ആലപ്പുഴ, ഫെബ്രുവരി 3. ബൈപ്പാസില്‍ അപകട സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് സമയബന്ധിത നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യ ഘട്ടത്തിലെ അടിയന്തര ക്രമീകരണങ്ങള്‍ ഫെബ്രുവരി 20ന് മുന്‍പ് പൂര്‍ത്തീകരിക്കും.

ഈ സമയപരിധിക്കുള്ളില്‍ റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി. ഫെബ്രുവരി 20ന് മുന്‍പ് ബൈപാസിലെ വളവുകളില്‍ ഡിവൈഡറുകളും സിഗ്‌നല്‍ ലൈറ്റുകളും സജ്ജമാക്കാന്‍ നാഷണല്‍ ഹൈവെ അതോറിറ്റി നടപടി സ്വീകരിക്കും.

കൊമ്മാടി, കളര്‍കോട് സിഗ്‌നല്‍ ജംഗ്ഷനുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഫെബ്രുവരി 10ന് മുന്‍പ് നടപ്പാക്കും. ഇതിന്റെ ഭാഗമായി രണ്ടിടങ്ങളിലെയും ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കും. സൈഡ് റോഡില്‍ നിന്ന് ഹൈവേയിലേക്ക് കയറുന്ന ഭാഗത്ത് സ്പീഡ് ബ്രേക്കര്‍ സജ്ജമാക്കും. കളര്‍കോടു നിന്നും ആലപ്പുഴ ടൗണിലേക്കുള്ള റോഡില്‍ യു ടേണ്‍ നിര്‍ത്തലാക്കി ബൊള്ളാര്‍ഡുകള്‍ വയ്ക്കും.

കളര്‍കോട് സിഗ്‌നലില്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം സൈഡിലേക്കുള്ള വഴി ഫ്രീ ലെഫ്റ്റ് ആക്കി മാറ്റും. ചങ്ങനാശേരി റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കും. കൊമ്മാടി ജംഗ്ഷനില്‍ നിന്നും ബൈപാസിലേക്ക് കയറുന്ന വളവില്‍ ബൊള്ളാര്‍ഡുകള്‍ സ്ഥാപിച്ച് ഇരുവശത്തേക്കുമുള്ള റോഡ് വേര്‍തിരിക്കും.

ബൈപാസിലേക്ക് കയറുന്ന ഇട റോഡുകളിലും സ്പീഡ് നിയന്ത്രണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ബൈപാസിലെ ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാറ്റ്പാക്ക് മുഖേന പഠനം നടത്താനും യോഗത്തില്‍ തീരുമാനമായി.

ഓണ്‍ലൈന്‍ യോഗത്തില്‍ എ.എം. ആരിഫ് എം.പി, എം.എല്‍എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി എസ്. സാംബശിവറാവു, നാഷണല്‍ ഹൈവെ അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ബി.എല്‍. മീന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *