തെറ്റിനോട് സന്ധിയില്ല, തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഹമ്മദ് റിയാസ്

Share this post:

കണ്ണൂര്‍, ജനുവരി 31. പൊതുമരാമത്ത് വകുപ്പില്‍ തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിനോട് സന്ധിയില്ല. കുഴികള്‍ അടക്കേണ്ടതിന് പകരം തകരാത്ത റോഡുകള്‍ക്ക് മേല്‍ വീണ്ടും ടാര്‍ ചെയ്യുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിജിലന്‍സ് സംവിധാനം ശക്തമാണ്. നിലവില്‍ റോഡുള്ളിടത്ത് വീണ്ടും ടാര്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ക്രമക്കേടുകള്‍ കണ്ട കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. കണ്ണൂരില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു, മന്ത്രി പറഞ്ഞു.

റോഡ് വികസന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് ഒപ്പം നില്‍ക്കണമെന്ന് ശ്രീ റിയാസ് പറഞ്ഞു. വാശിയോ മത്സരമോ ഏറ്റമുട്ടലോ ഇല്ല. വികസനമാണ് ലക്ഷ്യം. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. മഴ അധികമായതിനാല്‍ ഇക്കുറി റോഡിന്റെ അറ്റകുറ്റപണികള്‍ക്ക് പതിവിലും കൂടുതല്‍ തുകയാണ് അനുവദിച്ചത്.

കണ്ണൂര്‍ നഗരപാത വികസനത്തിന്റെ ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പുരോഗിക്കുകയാണ്. ഒരാഴ്ചയ്ക്കകം ഇത് പൂര്‍ത്തിയാകും. കണ്ണൂര്‍ പട്ടണത്തിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുകയെന്നത്.സംസ്ഥാനത്തിന്റെ തന്നെ ആവശ്യമാണ്. മേലെചൊവ്വ അടിപ്പാതാ നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് പുതുക്കി നല്‍കി. ആര്‍ബിഡിസിയ്ക്കാണ് നിര്‍മ്മാണ ചുമതല. തെക്കീ ബസാര്‍ മേല്‍പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് തുടരുന്നു. ഇവിടെ പുനരധിവാസ പാക്കേജിന് രൂപം നല്‍കി. ഇതിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആസ്തികളുടെ മൂല്യനിര്‍ണ്ണയം നടക്കുകയാണ്. വിമാനത്താവള റോഡ് വികസനം കാര്യക്ഷമമാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ നല്ല ജനപിന്തുണയാണ് ലഭിക്കുന്നത്-മന്ത്രി പറഞ്ഞു. കണ്ണൂരിനെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു

നേരത്തെ തലശ്ശേരി എരഞ്ഞോളി പുതിയ പാലം മന്ത്രി ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും അഡ്വ എ എന്‍ ഷംസീര്‍ എം എല്‍ എയും സ്‌കൂട്ടറില്‍ പാലത്തില്‍ കൂടി സഞ്ചരിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. കേരളത്തെയും കര്‍ണ്ണാടത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ അന്തര്‍സംസ്ഥാന പാലവും ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അവിടെയും ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു



Share this post:

Leave a Reply

Your email address will not be published. Required fields are marked *