Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

ബീനാച്ചി-പനമരം റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി

ദീര്‍ഘകാലമായി പണി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന വയനാട് ജില്ലയിലെ ബീനാച്ചി-പനമരം റോഡ് പ്രവ്യത്തി പൂര്‍ത്തികരിക്കാനുള്ള സത്വരനടപടികള്‍ കേരള പൊതുമരാമത്ത് വകുപ്പ് കൈകൊണ്ടുകഴിഞ്ഞതായി വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

ഇതിനകം ആറ് കിലോമീറ്ററോളം റോഡിന്റെ ആദ്യഘട്ട ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ബാക്കി ആറ് കിലോമീറ്ററിന്റെ ഒന്നാംഘട്ട ടാറിംഗ് പ്രവൃത്തി ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടാറിംഗിന് മുന്നോടിയായുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മാസം അവസാനത്തോടെ 12 കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനം മുഴുവനായും പൂര്‍ത്തീകരിക്കും.

ഇതോടൊപ്പം ബാക്കിയുള്ള 10 കിലോമീറ്ററിന്റെ നവീകരണ പ്രവൃത്തിയും ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ എസ്റ്റിമേറ്റ് സമര്‍പ്പിക്കും. വനംവകുപ്പിന്റെ അനുമതി വാങ്ങുന്നതിനായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. വയനാട് ജില്ലയിലെ പ്രധാന ടൗണുകളായ സുല്‍ത്താന്‍ബത്തേരിയേയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന റോഡാണിത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ 55 കോടി രൂപ അനുവദിച്ചാണ് പ്രവൃത്തി നടക്കുന്നത്

വയനാട് പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ് ബീനാച്ചി – പനമരം റോഡ്. 2019 ലാണ് ഈ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നത്. 2021 ജൂലൈ മാസത്തില്‍ ഇവിടെ സന്ദര്‍ശിക്കുകയും പ്രവൃത്തി നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവരും കൂടെയുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

കിഫ്ബി സ്റ്റോപ്പ് മെമ്മോ പിന്‍വലിച്ച് പ്രവൃത്തി പുനരാരംഭിക്കാനാവശ്യമായ ശ്രമങ്ങളാണ് ആദ്യം നടത്തിയത്. 2021 ഓഗസ്ത് മാസമാകുമ്പോഴേക്കും കിഫ്ബി സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് റോഡില്‍ വെറ്റ്മിക്‌സ് മെക്കാഡം പ്രവൃത്തി പുനരാരംഭിക്കാന്‍ സാധിച്ചു. പ്രവൃത്തി വേഗത്തിലാക്കാന്‍ കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ക്ക് മേല്‍നോട്ട ചുമതലയും നല്‍കി. മന്ത്രി ഓഫീസില്‍ നിന്നും പ്രവൃത്തി പുരോഗതി അതാത് സമയം വിലയിരുത്തി. പാതിവഴിയില്‍ നിന്നുപോകുമെന്ന് കരുതിയ പ്രവൃത്തി നിരന്തര ശ്രമഫലമായാണ് പുനരാരംഭിക്കാന്‍ സാധിച്ചത്. ആകെ 22 കിലോമീറ്റര്‍ റോഡില്‍ 12 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *