സില്‍വര്‍ ലൈന്‍ മറ്റു പണികള്‍ക്ക് വെള്ളിടിയാകുമോ?

വര്‍ഗ്ഗീസ് കണ്ണമ്പള്ളി

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്നതും ഭാവിയില്‍ നടപ്പാക്കേണ്ടതുമായ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളെ സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പലരും ചോദിച്ചു തുടങ്ങി.
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ,കിഫ്ബി, ദേശിയ പാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകളുടെ നവീകരണം , വെള്ളപ്പൊക്ക നിയന്ത്രണം, കുട്ടനാട് പാക്കേജ്, സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണം, ജലവിഭവ വകുപ്പ് നിര്‍മ്മാണങ്ങള്‍, സ്വകാര്യ നിര്‍മ്മിതികള്‍ തുടങ്ങിയവയുടെ ചെലവ് വര്‍ദ്ധിക്കുമെന്നു് ഉറപ്പായിട്ടുണ്ട്.

സില്‍വര്‍ ലൈനിനു വേണ്ട മുഴുവന്‍ നിര്‍മ്മാണ വസ്തുക്കളും പുറത്തു നിന്നും കൊണ്ടുവരുക പ്രായോഗികമല്ല. കേരളത്തില്‍ നിന്നും വന്‍തോതില്‍ നിര്‍മ്മാണ വസ്തുക്കള്‍ ശേഖരിക്കേണ്ടി വരും.
വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി അദാനി ഗ്രൂപ്പ് ശ്രമിച്ചിട്ടു പോലും ആവശ്യത്തിന് പാറ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഫലത്തില്‍, ക്വാറി -ക്രഷര്‍ ഉല്പന്നങ്ങളുടെ വിലകള്‍ ഗണ്യമായി വര്‍ദ്ധിക്കും.
തൊഴിലാളി ക്ഷാമം രൂക്ഷമാകും. അതിഥി തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കേണ്ടി വരും.അവരും കൂലി കൂട്ടും.

ചുരുക്കത്തില്‍ കേരള സര്‍ക്കാരിന്റെ പുതിയ വെള്ളി രേഖ, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും വെള്ളിടി തന്നെയായിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. റെയില്‍ ,റോഡ്, ജലപാതകള്‍ ,വിമാനത്താവളങ്ങള്‍ എന്നിവല്ലൊം സംയോജിപ്പിച്ചു കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനാണ് അനിവാര്യമായിട്ടുള്ളത്. അന്‍പത് വര്‍ഷത്തെയെങ്കിലും ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടായിരിക്കണം മാസ്റ്റര്‍ തയ്യാറാക്കേണ്ടത്.


2030നു മുന്‍പ് സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യാഥാര്‍ത്ഥ്യബോധത്തോടു കൂടി ചിന്തിക്കുന്ന ആര്‍ക്കും പറയാനാവില്ല. അന്ന് 200 കിലോമീറ്റര്‍ വേഗത അത്ര ആകര്‍ഷകവുമായിരിക്കില്ല.
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും നിര്‍മ്മാണ രീതി ശാസ്ത്രവും ഉപയോഗിച്ചുള്ള സംയോജിത ഗതാഗത വികസനത്തിനായി മുന്‍കൈയെടുക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു.

തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി ഐന്‍സ്റ്റിനെ നിയമിക്കാനാഗ്രഹിച്ച സര്‍.സി.പി രാമസ്വാമി അയ്യരെ ഒന്നോര്‍ക്കാനെങ്കിലും നമ്മുടെ നയരൂപീകരണ വിദഗ്ദര്‍ തയ്യാറായിരുന്നെങ്കില്‍!

Leave a Reply

Your email address will not be published. Required fields are marked *