സില്‍വര്‍ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു: തട്ടിക്കൂട്ടു രേഖയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം. ജനുവരി 15. തന്ത്രപ്രധാന രേഖയെന്നു അവകാശപ്പെട്ട് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ ഒടുവില്‍ കേരള സര്‍ക്കാര്‍ നിയമസഭാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 3773 പേജുകളുള്ള പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2025-2026ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. ആറര ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനില്‍ ഒമ്പത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാം.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കണ്‍ മാതൃകയില്‍ റോള്‍ ഇന്‍, റോള്‍ ഔട്ട് (റോറോ) സര്‍വീസുമുണ്ടാകും. ഇതിലൂടെ ഒരുസമയം 480 ട്രക്കുകള്‍ കൊണ്ടുപോകാനാകും. ആദ്യഘട്ടത്തില്‍ തന്നെ കെ റെയിലിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.

പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ അവകാശലംഘനത്തിന് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വേണ്ട രീതിയില്‍ പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണെന്ന് സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ട് തട്ടിക്കുട്ടു രേഖയാണെന്നും, സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഡി പിആറിലുണ്ട് പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠനവും റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്മെന്റ് ആണ് പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. 320 പേജുകളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

ട്രാഫിക് സര്‍വേ, ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ തുടങ്ങി ആറ് ഭാഗങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജന്‍സിയാണ് ഡിപിആറും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. ‘സെമി ഹൈസ്പീഡ് കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍?ഗോഡ്’ എന്നാണ് പ്രോജക്ടിന്റെ പേര്.

കേരളത്തില്‍ നിലവിലുള്ള റെയില്‍-റോഡ് ഗതാഗത സംവിധാനങ്ങള്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ 30 മുതല്‍ 40 ശതമാനം സഞ്ചാര വേ?ഗം കേരളത്തില്‍ കുറവാണെന്നും അതിനാല്‍ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍

റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയ്ക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 107.98 ഹെക്ടര്‍ സര്‍ക്കാരില്‍ നിന്നും 44.28 ഹെക്ടര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കണ്ടെത്തുമെന്നും ഡിപിആറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *