തിരുവനന്തപുരം, ജനുവരി 6. വൈദ്യുതി മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വികസനം സംസ്ഥാനത്ത് പ്രായോഗികമാക്കാന്‍ കഴിയുംവിധം പൊതുമരാമത്ത് വൈദ്യുതി വിഭാഗം ശക്തിപ്പെടുത്തണമെന്ന് കേരളാ ഗവ. ഇലക്ടിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍.
പ്രസരണനഷ്ടവും അപകടവും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ വേണ്ട നടപടികളും ആവശ്യമാണ്.
ഓരോ നിര്‍മ്മിതിയുടെയും ഭാവി ആവശ്യങ്ങള്‍ക്കു കൂടി പര്യാപ്തമായ വിധം വൈദ്യുതി ബന്ധം ഉറപ്പാക്കാന്‍ രൂപകല്പനയിലും അടങ്കലിലും ഏറ്റവും നൂതനമായ അറിവുകള്‍ പ്രയോജനപ്പെടുത്തണം.
വൈദ്യുതി ബന്ധം നല്‍കലും ആവശ്യമായ അനുമതികള്‍ വാങ്ങലും തികച്ചും സാങ്കേതികപരമാണ്. അതിന് ലൈസന്‍സുള്ള സാങ്കേതിക വിദഗ്ദരുടെ സേവനം അത്യാവശ്യമാണ്. അതിനാല്‍ കോമ്പസിറ്റ് ടെണ്ടറുകള്‍ ഒഴിവാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എല്ലാ പ്രവര്‍ത്തികള്‍ക്കും വില വ്യതിയാന വ്യവസ്ഥ ഏര്‍പ്പെടുത്തുക, ജി.എസ്.ടി നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ചെറുകിട ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങള്‍ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ഒരു കൈപ്പുസ്തകത്തിന്റെ പ്രയോജനം ലഭിക്കുന്ന .2022 ലെ ഡയറിയുടെ പ്രകാശനം എസ്. പി.ഗ്രാന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സി. എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജനറല്‍ സെക്രട്ടറി ആര്‍ രാധാക്യഷ്ണന്‍, ജില്ലാ പ്രസിഡന്റ് ആര്‍ വിശ്വനാഥന്‍, തൃശൂര്‍ മേഖല കെ.ജി. ഇ ,സി ,എ വൈസ് പ്രസിഡന്റ് പ്ലാസിഡ്, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് മുരളീധരന്‍, കെ.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
