Pinarayi Address Janasamaksham meeting at Ernakulam

സില്‍വര്‍ ലൈന്‍ അദ്യ ചര്‍ച്ച നടന്നത് നിയമസഭയില്‍: മുഖ്യമന്ത്രി

എറണാകുളം. ജനുവരി 6. സില്‍വര്‍ പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ഇന്നവതരിപ്പിച്ചു. സദസിലുണ്ടായിരുന്ന അതിഥികളുടെ മറുപടികള്‍ക്ക് കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത് കുമാര്‍ മറുപടി നല്‍കി.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം ചര്‍ച്ച നടത്തിയത് എംഎല്‍എമാരുമായാണ്. പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞില്ലെന്നത് ഓര്‍മ്മക്കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിനു ശേഷമാണ് എതിര്‍പ്പ് ഉയര്‍ന്നത്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. നിയമസഭയില്‍ ഈ വിഷയം അവതരിപ്പിച്ചിട്ടില്ലെന്നത് ശരിയല്ല. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ എംഎല്‍എമാരുമായാണ് ആദ്യം ചര്‍ച്ച ചെയ്തത്. നിയമസഭയില്‍ പ്രധാന കക്ഷിനേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ട് സംശയങ്ങളുന്നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമസഭയിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് എതിര്‍പ്പ് രൂക്ഷമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കല്ലിടല്‍ സാമൂഹികാഘാത പഠനത്തിന്

9316 കെട്ടിടങ്ങളാണ് പദ്ധതിക്കായി പൊളിക്കേണ്ടി വരുന്നത്. ഇത് കുറയ്ക്കാനാകുമോ എന്ന് പരിശോധിച്ച് വരികയാണ്. ഭൂമിയേറ്റെടുക്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ പരമാവധി നാലിരട്ടി തുകയും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരം. 13265 കോടിയാണ് സ്ഥലമെറ്റെടുക്കാനും നഷ്ടപരിഹാരത്തിനുമായി നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 1730 കോടി പുനരധിവാസത്തിന് വിനിയോഗിക്കും. 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിനായിരിക്കും വിനിയോഗിക്കുക. സാമൂഹികാഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തികളില്‍ കല്ലിടല്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും നിയമപ്രകാരം പൂര്‍ത്തിയാക്കും.

പരിസ്ഥിക്ക് കോട്ടമല്ല, നേട്ടം

പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ് എന്ന വാദം തികച്ചും തെറ്റാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നില്ല. ഏതെങ്കിലും നദിയുടെയോ ജലസ്രോതസുകളുടെയോ ഒഴുക്ക് പാത തടസപ്പെടുത്തുന്നില്ല. നെല്‍പ്പാടങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും തൂണുകള്‍ക്ക് മുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. തൂണിന്റെ സ്ഥലത്ത് മാത്രമേ കൃഷി ചെയ്യാന്‍ പറ്റാതെയാകൂ. കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ കുറയ്ക്കാന്‍ പദ്ധതിക്കാവും. സില്‍വര്‍ ലൈനില്‍ റോ-റോ സംവിധാനം വഴി ചരക്ക് വാഹനങ്ങളും എത്തിക്കാനാകും. കാറുകളും ഇതുവഴി കൊണ്ടുപോകാം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിലും വലിയ കുറവുണ്ടാകും. 500 കോടിയുടെ ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാനാകും. ഇത് പ്രകൃതിക്ക് വലിയ നേട്ടമാണുണ്ടാക്കുക. പ്രകൃതിയെ മറന്നുള്ള വികസനം സര്‍ക്കാര്‍ നടപ്പാക്കില്ല.

റെയില്‍വേ ലൈന്‍ കൊണ്ട് പ്രളയമുണ്ടായോ

പദ്ധതി വന്നാല്‍ വലിയ പ്രളയമുണ്ടാകുമെന്നാണ് ചിലരുടെ വാദം. നിലവിലെ റെയില്‍വേ ലൈനുകള്‍ മൂലം വെള്ളപ്പൊക്കമുണ്ടാകുന്നില്ല. ഇതേ രീതിയിലാണ് സില്‍വര്‍ ലൈനും നിര്‍മ്മിക്കുന്നത്. പാതയുടെ വശങ്ങളിലെ എംബാങ്ക്മെന്റ് അഥവ മണ്‍തിട്ടകളില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകളിലൂടെ വെള്ളമൊഴുകും. ഇത്തരം വസ്തുകള്‍ പരിശോധിക്കുന്നതിന് ഹൈഡ്രോഗ്രാഫിക് സര്‍വേ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ പ്രളയത്തിന്റെയും വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും കണക്കെടുത്തിട്ടാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്.

കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദവും നിലനില്‍ക്കില്ല. ഓരോ 500 മീറ്ററിലും മേല്‍പ്പാലമോ അടിപ്പാതയോ ഉണ്ടാകും. ആകെ പാതയുടെ 25 ശതമാനത്തിലേറെ തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയുമാണ് കടന്നുപോകുന്നത്. നിലവിലെ റെയില്‍വനേ ലൈനുകളുടെ വികസനത്തിന് സില്‍വര്‍ ലൈനിനേക്കാള്‍ പണം ആവശ്യമാണ്. ശബരി റെയില്‍പാതയ്ക്കായി 50% സര്‍ക്കാര്‍ വഹിക്കാമെന്നേറ്റിട്ടും പദ്ധതി പ്രാവര്‍ത്തികമാക്കാനായിട്ടില്ല.

63941 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. കേന്ദ്ര-സംസ്ഥാന വിഹിതവുമുണ്ടാകും. അഞ്ച് പാക്കേജുകളായായിരിക്കും നിര്‍മ്മാണം. എല്ലാ ദിവസവും 24 മണിക്കൂറും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. രണ്ട് വര്‍ഷത്തിനകം ഭൂമിയേറ്റെടുക്കലും മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ സമയമെടുത്താല്‍ പദ്ധതി ചെലവ് വര്‍ധിക്കും. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് 50,000 തൊഴിലവസരങ്ങളും പദ്ധതി നിലവില്‍ വരുന്നതോടെ 11000 പേര്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *