മൂന്നാര്‍ -ബോഡിമേട്ട് ദേശീയപാത ഭൂരിഭാഗവും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും

Share this post:

ദേശീയ പാത 85 ല്‍ മൂന്നാര്‍ – ബോഡിമെട്ട് റോഡില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേയും പ്രവൃത്തി ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം . പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥ തല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വനംവകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാന്‍ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ കലക്ടര്‍ ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും.


41.78 കിലോമീറ്ററില്‍ 3.32 കിലോമീറ്ററിലാണ് വനംവകുപ്പിന്റെ അനുമതി ആവശ്യം. ബാക്കി 38.46 കിലോമീറ്റര്‍ റോഡിന്റേയും പ്രവൃത്തി പുരോഗതി യോഗം വിലയിരുത്തി. ബാക്കിയുള്ള എല്ലാ പ്രവൃത്തിയും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇനി പദ്ധതിയില്‍ ഒരു തരത്തിലുള്ള കാലതാമസം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.


വനംവകുപ്പിന് കൈമാറാനുള്ള ഫണ്ട് പൂര്‍ണ്ണതോതില്‍ കൈമാറുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിക്കും. വനംവകുപ്പിന്റെ അനുമതി ലഭിക്കേണ്ട മേഖലകളില്‍ ഏപ്രിലോടെ പ്രവൃത്തി പൂര്‍ത്തിയാക്കാനാകുന്ന തരത്തില്‍ ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്ജ് , ദേശീയ പാതാ വിഭാഗം ചീഫ് എഞ്ചിനിയര്‍ അശോക് കുമാര്‍, മൂന്നാര്‍ ഡി എഫ് ഒ, ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



Share this post:

Leave a Reply

Your email address will not be published. Required fields are marked *