വര്‍ഗീസ് കണ്ണമ്പള്ളി.
കേരള സമ്പത്ത് ഘടനയെ മണിയോഡര്‍ സമ്പദ്ഘടനയെന്ന് വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കടന്നുചെന്ന് കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുകയും മുണ്ടു മുറുക്കിയുടുത്ത് സിംഹഭാഗവും നാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു കൊണ്ടിരുന്ന മറുനാടന്‍ മലയാളികളുടെ മണിയോര്‍ഡറുകളാണ് നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമായിരുന്നത്. ഇന്നും അതു് തുടരുന്നു.
എന്നാലിപ്പോള്‍ മണിയോര്‍ഡുകള്‍ക്ക് പകരം ബാങ്ക് മുഖേന വേതനമിനത്തില്‍ വലിയ തുക കേരളത്തില്‍ നിന്നും പുറത്തേയ്ക്ക് ഒഴുകുന്നു. 2030 ല്‍ കേരള ജനസംഖ്യയുടെ ആറിലൊന്നും (16.67%) അതിഥി തൊഴിലാളികളായിരിക്കുമെന്നാണ് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് നടത്തിയ ഒരു പഠനം വ്യക്തമാകുന്നതു്.
ഇത്രയും പിന്തുണയുള്ള എത്ര രാഷ്ട്രീയ കക്ഷികള്‍ കേരളത്തിലുണ്ടാകും? എത്ര സമുദായ സംഘടനകളുടെ അംഗബലം ഇത്രയുമുണ്ടാകും.?
2017-18-ല്‍ കേവലം 31.4 ലക്ഷം അതിഥി തൊഴിലാളികളാണുണ്ടായിരുന്നതെങ്കില്‍ 2030-ല്‍ 60 ലക്ഷമാകുമെന്നാണ് നിഗമനം. അപ്പോഴേയ്ക്കും കേരള ജനസംഖ്യ 3.60 കോടിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.ഇതു് കേരളത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വൈറ്റ് കോളര്‍ ജോലികളൊഴികെയുള്ള പണികള്‍ സ്വന്തം നാട്ടില്‍ ചെയ്യാനുള്ള മലയാളികളുടെ വിമുഖതയാണ് പ്രധാന കാരണം. നമ്മുടെ തൊഴിലാളി സംഘടനകള്‍ തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നതു്. പലപ്പോഴും അതു് സംഘടിത പിടിച്ചുപറിയായി മാറി. തൊഴിലാളി സംഘടനകള്‍ നല്‍കുന്ന തൊഴിലാളികളെ പണികളില്‍ നിയോഗിക്കേണ്ട ഗതികേടിലായി സംരംഭകര്‍ .യന്ത്രം ഉപയോഗിക്കേണ്ട അനിവാര്യ ഘട്ടങ്ങളില്‍ യൂണിയന്‍ തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്‍കേണ്ട സ്ഥിതിയും വന്നു. തൊഴില്‍ നൈപുണ്യം നഷ്ടപ്പെട്ടവരുടെ കൂട്ടമായിത്തീര്‍ന്നു മലയാളി തൊഴിലാളികള്‍.
എന്താണ് പരിഹാരം? നമ്മള്‍ ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കുടിയേറ്റമായും അല്ലാതെയും തൊഴില്‍ തേടി പോകുമ്പോള്‍ മറ്റാരും ഇങ്ങോട്ട് വരരുതെന്ന് ശഠിക്കാന്‍ നമുക്കും അവകാശമില്ല.
തുടര്‍ പരിശീലനത്തിലൂടെ മികവ് വര്‍ദ്ധിപ്പിക്കാനും സേവന -വേതന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ നമ്മുടെ തൊഴിലാളികള്‍ക്ക് ഇവിടെ കൂടുതല്‍ സ്വീകാര്യത ലഭിക്കും.
കാര്‍ഷിക-വ്യവസായ-വാണിജ്യ-നിര്‍മ്മാണ മേഖലകളില്‍ പരമാവധി യന്ത്രവല്‍കരണം നടപ്പാക്കിയാലും ഏറെ നന്നായിരിക്കും.
നാമമാത്ര-ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ തദ്ദേശീയ രായ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. സ്വയം പാര്‍ശ്വവല്‍കരിക്കപ്പെടുന്ന നമ്മുടെ തൊഴിലാളികള്‍, സൗജന്യ റേഷനെയും കിറ്റിനെയും ആശ്രയിക്കുമ്പോള്‍ അതിഥി ത്തൊഴിലാളികള്‍ തദ്ദേശീയരായി മാറുകയും ബാങ്ക് ശാഖകളിലൂടെ പണം പുറത്തേയ്ക്ക് ഒഴുക്കുന്നതും സന്താഷിക്കാന്‍ വക നല്‍കുന്നതല്ല.