Malayankizh Pappnamcode Road

പെതുമരാമത്ത് വകുപ്പിന്റെ ഘടന മാറ്റാതെ എന്‍ജിനീയര്‍മാരെ ഫീല്‍ഡിലിറക്കുക അസാദ്ധ്യം

Share this post:

വര്‍ഗീസ് കണ്ണമ്പള്ളി


പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറന്മാര്‍ ഫയലുകള്‍ക്കിടയില്‍ മാത്രം കഴിയാതെ ഫീല്‍ഡില്‍ നേരിട്ടിറങ്ങണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നു.
മന്ത്രിതലത്തില്‍ വരെ പ്രവര്‍ത്തികളുടെ പുരോഗതിയും മറ്റും വിലയിരുത്താന്‍ പ്രത്യേക സംവിധാനം രൂപീകരിക്കുന്നു. സാങ്കേതികാനുമതി നല്‍കാനുള്ള അധികാര പരിധി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (അഞ്ചു കോടി രൂപ) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ( 2 കോടി രൂപ) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (അന്‍പതു് ലക്ഷം രൂപ) എന്നിങ്ങനെയാക്കി വര്‍ദ്ധിപ്പിക്കുന്നു.

ചെറുപ്പക്കാരനായ മന്ത്രിയുടെ ഉദ്ദേശം നൂറ് ശതമാനം ശുദ്ധമാണ്. പക്ഷേ ഇതൊന്നും രോഗശമനത്തിന് ഉപകരിക്കില്ല.

1 . പൊതുമരാമത്ത് വകുപ്പിലെ ഭരണാനുമതിക്കും സാങ്കേതികാനുമതിക്കും കടലാസിന്റെ വില പോലുമില്ല.
പണം ഉണ്ടായിരിക്കുകയൊ ബാദ്ധ്യത ഉത്ഭവിക്കുമ്പോള്‍ (ബില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ ) പണം നല്‍കാമെന്ന് ഉറപ്പുണ്ടെങ്കിലോ മാത്രമേ ഭരണാനുമതി നല്‍കാവൂ എന്നാണ് ഫിനാന്‍ഷ്യല്‍ കോഡിലെ വ്യവസ്ഥ. അതു് പാലിക്കുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടവര്‍ക്കു മാത്രമല്ല, പൊതുജനങ്ങള്‍ക്കും അറിവുള്ള രഹസ്യമാണ്. നിയമാനുസൃതം ഭരണാനുമതി നല്‍കിയാല്‍ കുടിശ്ശിക എന്ന സ്ഥിതി ഒരിക്കലും ഉണ്ടാകില്ല.

സാങ്കേതിക അനുമതിയും ‘മറ്റൊരു വഴിപാടാണ്. ശാസ്ത്രീയ സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗ് തത്വങ്ങളും നിര്‍മ്മാണ രീതി ശാസ്ത്രവും പൂര്‍ണ്ണമായി പാലിച്ചുവേണം സാങ്കേതികാനുമതി നല്‍കേണ്ടത്. ഇതു് കര്‍ശനമായി പാലിക്കണമെന്നും വീഴ്ച വരുത്തിയാല്‍ സങ്കേതികാനുമതി നല്‍കുന്ന ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി ഒരു ഉത്തരവിറക്കട്ടെ, നിര്‍മ്മിതികളുടെ രൂപവും ഭാവവും മാറും.

2. രൂപകല്പനയും അടങ്കലും പ്രകാരമുള്ള ഗുണമേന്മ ഉറപ്പു വരുത്തേണ്ടത് കരാറുകാരന്റെ ബാദ്ധ്യതയാണ്. അത് അപ്പഴപ്പോള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യേണ്ടതു് എഞ്ചിനീയറന്മാരും. ക്വാളിറ്റി മാന്വല്‍ അനുശാസിക്കുന്ന ടെസ്റ്റുകള്‍ കര്‍ശനമായി നടത്തിക്കാനും പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും എഞ്ചിനീയറന്മാര്‍ തയ്യാറാകണം.

3. ഒരു കരാറുകാരനൊ എഞ്ചിനീയര്‍ക്കൊ ഓവര്‍സീയര്‍ക്കു പോലുമൊ പ്രവര്‍ത്തിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയാത്ത വിധമുള്ള നടപടിക്രമങ്ങളാണ് പാലിക്കപ്പെടേണ്ടത്.അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കിയാല്‍ ഇവര്‍ക്കൊക്കെ പ്രവര്‍ത്തിയില്‍ ശ്രദ്ധിക്കാനാവും.

4. വകുപ്പിലെ തട്ടുകളുടെ എണ്ണം കുറയ്ക്കാതെ എഞ്ചിനീയറന്മാര്‍ക്ക് ഫീല്‍ഡിലിറങ്ങാന്‍ സമയം കിട്ടില്ല. എഞ്ചിനീയറന്മാരെ പുനര്‍വിന്യസിപ്പിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം. വിശദമായ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ തയ്യാറാണ്.
5′ സഹകരണ വകുപ്പില്‍ സഹകരണ ബിരുദമൊ ഡിപ്ലോമയൊ ഇല്ലാത്ത ആരെയും നിയമിക്കാറില്ല. പൊതുമരാമത്ത് വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും എഞ്ചിനീയറിംഗ് പരിജ്ഞാനം ഇല്ലെന്നത് ഒരു പോരാഴ്മയാണ്.
6. തുടര്‍ പരിശീലനത്തിന്റെ അഭാവം വകുപ്പിന്റെ കാര്യക്ഷമത കുറയ്ക്കുന്നു.
7. ഇന്‍ഡസ്ടി- ഇന്‍സ്റ്റിറ്റിയൂഷന്‍ ബന്ധം ആവശ്യമാണ്.ഐ.ഐ.ടികളുടെ മാതൃകയില്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസും ആരംഭിക്കണം. ഊര്‍ജ്ജസ്വലനും ശക്തനുമായ മന്ത്രി അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവരണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.

(ലേഖകന്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്.)


Share this post:

Leave a Reply

Your email address will not be published. Required fields are marked *