തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. നാലു റോഡുകള്‍ സംഗമിക്കുന്ന ഇവിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.
ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിരവധി തവണ എടപ്പാള്‍ പാലം സന്ദര്‍ശിക്കുകയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു, മന്ത്രി പറഞ്ഞു. മന്ത്രി ഓഫീസില്‍ നിന്നും പ്രവൃത്തിയുടെ പുരോഗതി കൃത്യമായി പരിശോധിച്ചു. ഓരോ പ്രവൃത്തിക്കും സമയക്രമം നിശ്ചയിച്ച് നല്‍കിയും അത് പരിശോധിച്ചുമാണ് മേല്‍പാലം നിര്‍മ്മാണം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും ഇടപെട്ട കെ ടി ജലീല്‍ എംഎല്‍എയ്ക്കും പ്രവൃത്തിയുമായി സഹകരിച്ച എടപ്പാള്‍ ജനതയ്ക്കും നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിര്‍മ്മാണ തൊഴിലാളികളെയും അഭിനന്ദിക്കുന്നതായി മന്ത്രി പത്രക്കുറിപ്പിലറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നടത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ഈ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം പല തവണ മാറ്റിവെച്ചിരുന്നു. ഏതാണ്ട് 22 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണചെലവായി ആദ്യം കണക്കാക്കിയിരുന്നത്.