മങ്കൊമ്പ് കുഞ്ഞന്‍ മേല് പാലം. ഡിസൈനില്‍ ഹൈക്കോടതിയെപ്പോലും ഇരുട്ടിലാക്കി കരാര്‍ കമ്പനി

വര്‍ഗീസ് കണ്ണമ്പള്ളി

കൊച്ചി. എ.സി റോഡ് ചെയിനേജ് 15/180 മുതല്‍ 15/415 വരെ (മങ്കൊമ്പ് ) നിര്‍മ്മിക്കുന്ന സെമി എലിവേറ്റഡ് മേല്പാലത്തിന്റെ (കുഞ്ഞന്‍ മേല്പാലം) പൈലിംഗ് ജോലികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്.

അന്തിമരൂപരേഖ അംഗീകരിക്കാതെ നടത്തുന്ന പൈലിംഗ് ജോലികള്‍ പലരേയും അത്ഭുതപ്പെടുത്തുകയാണ്.
കുഞ്ഞന്‍ മേല്പാലത്തിന്റെ ഉയരം വര്‍ദ്ധിപ്പിക്കുകയും മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുകയും ചെയ്യുന്നില്ലെങ്കില്‍ തന്റെയും മറ്റ് സമീപവാസികളുടെയും സഞ്ചാരസ്വാതന്ത്ര്യം മുടങ്ങുമെന്ന് എഞ്ചിനീയര്‍ ടോമി ജോസഫ് പടവുപുരയ്ക്കലും മറ്റും അഡ്വ.ജോമി ജോര്‍ജ് മൂലംകുന്നം മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 1-10 -2021 ല്‍ നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ് മൂലമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.അതേ തുടര്‍ന്നു് പൈലിംഗ് ജോലികള്‍ നിലച്ചു.

24 – 10-2021 ല്‍ കരാര്‍ കമ്പനിക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ പോലും രൂപരേഖയെക്കുറിച്ച് മൗനം പാലിക്കുകയാണ്. എന്നാല്‍ പൈലിംഗ് ജോലികള്‍ പുന:രാരംഭിച്ചു.

രൂപകല്പന തയ്യാറാക്കാതെ വീതിയും ഉയരവും, നീളവും നിശ്ചയിക്കാതെ എങ്ങനെ പൈലിംഗ് പുനരാരംഭിച്ചുവെന്നാണ് കുട്ടനാട് നിവാസികള്‍ ചോദിക്കുന്നത്.

ഹൈക്കോടതിയെപ്പോലും ഇരുട്ടിലാക്കി നടത്തുന്ന പൈലിംഗ് ജോലികള്‍ നിറുത്തിവച്ച് ,ഇരകളുടെ പരാതി പരിഹരിക്കാനും സുതാര്യ നടപടികള്‍ സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി പി യും
തയ്യാറാകുകയാണ് വേണ്ടത്.

(ലേഖകന്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്)


Leave a Reply

Your email address will not be published. Required fields are marked *