വര്‍ഗീസ് കണ്ണമ്പള്ളി
ജനുവരി 1 മുതല്‍ നിര്‍മ്മാണ കരാറുകളിന്മേലുള്ള ജി. എസ്. ടി 12-ല്‍ നിന്നും 18 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം കരാറുകാരെ
പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ലക്ഷം രൂപ യുടെയും ബില്‍ തുകയിന്മേല്‍ ആറായിരം രൂപ കരാറുകാര്‍ അധികമായി നല്‍കേണ്ടി വരും.
നിയമപരമായി ഇതു് സര്‍ക്കാര്‍ കരാറുകാര്‍ക്ക് തിര്യേ നല്‍കേണ്ടതാണ്. എന്നാല്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ മൂലം പണം തിര്യേ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് കരാറുകാര്‍ ഭയപ്പെടുന്നു.
2017 ജൂലൈ 1-ന് 4 ശതമാനം വാറ്റില്‍ നിന്നും ജി.എസ്.ടിയിലേയ്ക്ക് മാറിയപ്പോഴും കരാറുകാര്‍ക്ക് നഷ്ടമുണ്ടായി. നഷ്ടം പരിഹരിക്കാനുള്ള ഉത്തരവ് വന്നിട്ടും ഇതുവരെ ബഹുഭൂരിപക്ഷം കരാറുകാര്‍ക്കും പണം ലഭിച്ചിട്ടില്ല. ഈ അനുഭവം ആവര്‍ത്തിക്കുമോ എന്നാണ് കരാറുകാര്‍ ഭയപ്പെടുന്നതു്.
ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തകളുടെയും ടെണ്ടര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെയും അടങ്കലുകള്‍ക്കൊപ്പം 12 ശതമാനം ജി.എസ്.ടി വിഹിതം മാത്രമേ പ്രത്യേകമായി വകയിരുത്തിയിട്ടുള്ളു. എന്നാല്‍ 2022 ജനുവരി 1-ന് ശേഷം ചെയ്യേണ്ടി വരുന്ന ഈ പ്രവര്‍ത്തികളുടെ ബില്ലുകള്‍ക്ക് കരാറുകാര്‍ 18ശതമാനം നല്‍കണം.
ഓരോ പ്രവര്‍ത്തിയുടെയും അധിക ബാധ്യത തിട്ടപ്പെടുത്തി പണം ലഭ്യമാക്കാന്‍ കടമ്പകളേറെയാണ്.കരാറുകാരും ഉദ്യോഗസ്ഥരും നന്നായി അദ്ധ്വാനിക്കണം.
കരാറുകാര്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്താനാണ് പഠനക്കളരികള്‍ .
ഡിസംബര്‍ 30-ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ കൊല്ലം ആശ്രാമത്ത് ചെറുകിട വ്യവസായി അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ആദ്യ സെമിനാര്‍ കാഷ്യൂ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.ജെ.ജയമോഹന്‍ ഉല്‍ഘാടനം ചെയ്യും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് & ടാക് സേഷന്‍ ഫാക്കള്‍ട്ടി മെമ്പര്‍ ഡോ.എന്‍.രാമലിംഗം വിഷയം അവതരിപ്പിക്കും.കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജി. എസ് .ടി . പരാതി പരിഹാര സമിതി അംഗവുമായ വര്‍ഗീസ് കണ്ണമ്പള്ളി മോഡറേറ്ററായിരിക്കും.
കൊല്ലം ജില്ലാ ഗവ. കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി പ്രസിഡന്റ് പ്രദീപ് പുണര്‍തം സ്വാഗതവും ബോര്‍ഡ് മെമ്പര്‍ എസ് ബിജു നന്ദിയും രേഖപ്പെടുത്തും. എല്ലാ ജില്ലകളിലും പഠനക്കളരികള്‍ സംഘടിപ്പിച്ചതിനു ശേഷം ജനുവരി 25-ന് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസ്ഥാന തല പഠനക്കളരി നടത്തുന്നതാണെന്ന് കെ.ജി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഹരിദാസ് അറിയിച്ചു. ജി. എസ്. ടി കൗണ്‍സിലിന് പ്രത്യേക നിവേദനം നല്‍കുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Good dicision we all are with you