KIIFB grant allotted for Aluva Munnar Road

പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ നിരീക്ഷിക്കും

തിരുവനന്തപുരം. ഡിസംബര്‍ 16. കേരള പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും പരിപാലനം ഉറപ്പു വരുത്തുകയും ചെയ്യുന്ന സംവിധാനത്തിന് തുടക്കമാവുകയാണെന്ന് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ സംവിധാനം പുതുവര്‍ഷത്തില്‍ തുടങ്ങും. കഴിഞ്ഞ ദിവസം ചേര്‍ന്ന പി ഡബ്ല്യു ഡി മിഷന്‍ ടീം യോഗം പദ്ധതിക്ക് അന്തിമ രൂപരേഖ തയ്യാറാക്കി.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പൊതുമരാമത്ത് പ്രവൃത്തികളെ സംബന്ധിച്ച് വിലയിരുത്തും. റോഡ്സ്, ബ്രിഡ്ജ്സ്, മെയിന്റനന്‍സ്, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം , ബില്‍ഡിംഗ്സ് വിഭാഗങ്ങളിലെ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മണ്ഡല തലം നിരീക്ഷണ സമിതിയ്ക്ക് വകുപ്പ് രൂപം നല്‍കും.

ഓരോ മണ്ഡലത്തിലേയും നിലവിലുള്ള റോഡുകള്‍, പാലങ്ങള്‍ , കെട്ടിടങ്ങള്‍, റസ്റ്റ് ഹൗസ് എന്നിവയും നിര്‍മാണ സ്ഥലങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. പൊതുമരാമത്ത് വകുപ്പ് മാന്വലില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രവൃത്തികള്‍ വിലയിരുത്തേണ്ടതിനെ സംബന്ധിച്ച് വിശദമായി പറയുന്നുണ്ട്. പ്രവൃത്തി കൃത്യമായി നടക്കുന്നുണ്ടോ, പ്രവൃത്തി പൂര്‍ത്തിയായിടത്ത് പരിപാലനം നടക്കുന്നുണ്ടോ എന്നിവ പരിശോധിക്കും. തടസങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കുകയും അതില്‍ ഫോളോ അപ്പ് നടത്തുകയും ചെയ്യും.

മൂന്ന് ചീഫ് എഞ്ചിനിയര്‍മാര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇവര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കും. പ്രവൃത്തി പുരോഗതി കൃത്യമാണോ എന്നറിയാനും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് മനസിലാക്കാനുമാണ് ഈ സംവിധാനം. നിലവില്‍ റോഡുകളുടെ പരിപാലനത്തില്‍ പ്രശ്നമുണ്ടോ, ഗതാഗത യോഗ്യമാണോ തുടങ്ങിയ വിവരങ്ങളും ശേഖരിക്കും.

പൊതുമരാമത്ത് വകുപ്പ് മാന്വല്‍ ക്ലോസ് 2105 പ്രകാരം 15 ലക്ഷത്തിനു മുകളിലുള്ള പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളില്‍ അതാത് ഓവര്‍സിയര്‍മാര്‍ വര്‍ക്ക് സ്പോര്‍ട് ഓര്‍ഡര്‍ രജിസ്റ്റര്‍ സൂക്ഷിക്കണം എന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഈ രജിസ്റ്ററില്‍ പ്രവൃത്തിയുടെ ദൈനംദിന പുരോഗതിയും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിവരവും രേഖപ്പെടുത്തണമെന്നാണ് നിയമം. ഇതോടൊപ്പം പ്രവൃത്തി പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പൊതുമരാമത്ത് മാനുവല്‍ പ്രകാരം റോഡ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ അവരുടെ പരിധിയില്‍ വരുന്ന റോഡുകള്‍ പരിശോധിക്കേണ്ടതുണ്ട്. അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍ ശരാശരി 180 കിലോ മീറ്റര്‍ റോഡ് ഇത്തരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ 500 കിലോമീറ്റര്‍ റോഡുകളും പരിശോധിക്കണം. അവര്‍ അധികാര പരിധിയിലുള്ള റോഡുകള്‍ സന്ദര്‍ശിച്ച് അതിന്റെ റിപ്പോര്‍ട്ട് വീഡിയോ, ഫോട്ടോ എന്നിവ തയ്യാറാക്കണം.

ഇതിനായി ഒരു സോഫ്റ്റ് വെയര്‍ തയ്യാറാക്കും. ഇത് കൂടി സജ്ജമാകുന്നതോടെ നിര്‍മാണം, പരിപാലനം തുടങ്ങിയ വിഷയങ്ങള്‍ കുറേക്കൂടി സിസ്റ്റമാറ്റിക് ആയി മാറും എന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതിയും 2022 ജനുവരി മാസം മുതല്‍ പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *