വര്‍ഗീസ് കണ്ണമ്പള്ളി
സുപ്രീം കോടതിയിലും സംസ്ഥാനങ്ങളിലെ മറ്റ് കോടതികളിലും നടന്നു വരുന്ന സിവിള്‍ കേസുകളില്‍ കരാര്‍ പണികളുമായി ബന്ധപ്പെട്ടവ എത്രയെന്ന് എണ്ണിയെടുക്കുക അത്ര എളുപ്പമല്ല. എഴുതപ്പെട്ട കരാര്‍ വ്യവസ്ഥകളില്‍ പലതും അസന്തുലിതമാണ്. നടപടിക്രമങ്ങളില്‍ അതാര്യതയും മുന്നിട്ടു നില്ക്കുന്നു.
കരാറുകാരും എഞ്ചിനീയറന്മാരും രണ്ടു കാര്യങ്ങളിലും വേണ്ടത്ര അവഗാഹം പുലര്‍ത്തുന്നില്ലെന്നതു് മറ്റൊരു പ്രധാന സംഗതിയാണ്.
വന്‍കിട പദ്ധതികളില്‍ കണ്‍സീലിയേഷനും ആര്‍ബിട്രേഷനുമുണ്ട്. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചവര്‍ വരെ ആര്‍ബി ട്രേറ്റര്‍മാരായി നിയമിക്കപ്പെടുന്നു. തര്‍ക്ക പരിഹാരങ്ങള്‍ തകൃതിയായി നടക്കുന്നു. പദ്ധതിയുടെ അടങ്കല്‍ തുകയെക്കാള്‍ വലിയ ആര്‍ബിട്രേഷന്‍ അവാര്‍ഡ്‌പോലും വാര്‍ത്തയല്ല.
ചെറുകിട-ഇടത്തരം കരാറുകാരാണ് തര്‍ക്ക പരിഹാര സംവിധാനത്തിന്റെ അഭാവം മൂലം വിഷമവൃത്തത്തി
ലാകുന്നത്. ഹൈക്കോടതി പരിമിതമായി മാത്രമേ ഇടപെടാറുള്ളു. കീഴ്‌കോടതികളിലെ കാലതാമസം അസഹനീയമാണ്. പണച്ചെലവും ചെറുതല്ല. എഞ്ചിനീയറന്മാരും കരാറുകാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ എഞ്ചിനീയറന്മാരാണ് വിധികര്‍ത്താക്കള്‍.
കരാറുകാരന് സ്വന്തം ഭാഗം നിവര്‍ന്നു നിന്ന് സംസാരിക്കണമെങ്കില്‍ കോടതി തന്നെ വേണം.
പക്ഷേ സത്യവാങ് മൂല സമര്‍പ്പണവും കമ്മീഷനെ നിയമിക്കലും തെളിവെടുപ്പും വാദങ്ങളുമായി നീണ്ട വര്‍ഷങ്ങള്‍ കടന്നുപോകും.വിധി അനുകൂലമാണെങ്കില്‍ പോലും മുതലിനെ പലിശ വിഴുങ്ങുന്ന സ്ഥിതിയിലാകും കരാറുകാരന്‍.
എന്താണ് പരിഹാരം?
1 കരാര്‍ വ്യവസ്ഥകള്‍ വ്യക്തവും ഏകീകൃതവും സന്തുലിതവുമായിരിക്കണം
2. കരാര്‍ വ്യവസ്ഥകള്‍ നടപടിക്രമങ്ങള്‍, നിര്‍മ്മാണ രീതി ശാസ്ത്രം തുടങ്ങിയവയില്‍ എഞ്ചിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും നല്ല അവബോധം നല്‍കണം. തുടര്‍ച്ചയായ പരിശീലന പദ്ധതി നടപ്പാക്കണം.
3. ജില്ലാ സംസ്ഥാന തലങ്ങളില്‍ എഞ്ചിനീയറന്മാരും കരാറുകാരും തമ്മിലുള്ള പീരിയോഡിക്കല്‍ കോണ്‍ ഫ്രന്‍സുകള്‍ സമയബന്ധിതമായി നടത്തണം.
അതിനു പുറമേ നിയമ വിദഗ്ദര്‍ അദ്ധ്യക്ഷനായ തര്‍ക്ക പരിഹാര സംവിധാനവും രൂപീകരിക്കണം.