പണികള്‍ മുടക്കാനും ബില്ലുകള്‍ തടയാനും മാത്രമുള്ള പരാതികളും അന്വേഷണങ്ങളും വര്‍ദ്ധിക്കുന്നു

വര്‍ഗീസ് കണ്ണമ്പള്ളി.

പൗരന്മാര്‍ ,പൊതു നിര്‍മ്മിതികളുടെ ഉടമകളാണോ കാവല്‍ക്കാരാണോ എന്ന തര്‍ക്കത്തിനിടയിലും കരാര്‍ പണികളെക്കുറിച്ചുള്ള പരാതികള്‍ പ്രവഹിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അന്വേഷണങ്ങളും അതിനുസരിച്ച് വര്‍ദ്ധിക്കുന്നു. പരാതികളില്ലാത്ത സന്ദര്‍ഭങ്ങളിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. അതിനു പുറമേ എ.ജിയുടെ കുറിപ്പുകളും. പൊതുപണം ഉപയോഗിച്ചു നടത്തപ്പെടുന്ന നിര്‍മ്മിതികളില്‍ ഇതൊന്നും പാടില്ലെന്നു് ആര്‍ക്കും പറയാനാവില്ല. പരാതികള്‍ ഉന്നയിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അതിന്മേല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബാദ്ധ്യതയുമുണ്ട്. പരാതികളില്ലെങ്കിലും ചുമതലയുടെ ഭാഗമായും അന്വേഷണങ്ങള്‍ നടക്കണം. അപാകതകള്‍ കണ്ടു പിടിക്കണം, തിരുത്തലുകള്‍ ഉണ്ടാകണം.കുറ്റക്കാരെ ശിക്ഷിക്കണം.

പരാതികള്‍ വന്നാല്‍ പല ഉദ്യോഗസ്ഥരും അളവുകള്‍ രേഖപ്പെടുത്തില്ല. ബില്ലുകള്‍ തയ്യാറാക്കില്ല.
പരാതിക്കാരനോട് സന്ധി ചെയ്യാന്‍ ഉപദേശിക്കുന്നവരുമുണ്ട്. കരാറുകാരന്‍ പരാതിക്കാരനെ പ്രീതിപ്പെടുത്തി പരാതി ഒതുക്കണമെത്രേ! പരാതിക്കാരനെ വിളിച്ചു വരുത്തി പരാതിയുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താനൊന്നും ഒരു ഉദ്യോഗസ്ഥനും തയ്യാറാകില്ല.

അന്വേഷണം നടത്താന്‍ നിരവധി ഏജന്‍സികളുണ്ട്. അവര്‍ പ്രവര്‍ത്തികളുടെ ഫയലുകള്‍ കൈവശപ്പെടുത്തും. പിന്നെ ഒച്ചിഴയുന്ന വേഗത്തിലാകും അന്വേഷണം. ചിലപ്പോള്‍ പണി നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കും .ബില്ലുകള്‍ തടയും.അന്വേഷണ ഏജന്‍സി ഇതൊന്നും ചെയ്യുന്നില്ലെങ്കിലും വകുപ്പുതല ഉദ്യോഗസ്ഥര്‍ ബില്ലുകള്‍ തയ്യാറാക്കില്ല. ചില ഏജന്‍സികള്‍,മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ അളവുകളില്‍ ഏകപക്ഷീയമായി കുറെ വെട്ടിത്തിരുത്തലുകള്‍ വരുത്തി ഫയലുകള്‍ മടക്കി നല്‍കും. കരാറുകാരന് പരാതി പറയാന്‍ ഇടമില്ല. കോടതിയെ സമീപിച്ചാല്‍ വീണ്ടും വര്‍ഷങ്ങളുടെ കാലതാമസം. മുതലിനെ പലിശ വിഴുങ്ങുന്ന കാലതാമസം ഉറപ്പാണ്. അതിനാല്‍ കീഴടങ്ങും.

മറ്റു ചില ഏജന്‍സികള്‍ അന്വേഷണ റിപ്പോര്‍ട്ടുപോലും നല്‍കില്ല .അപ്പോഴും കരാറുകാരന്റെ പണം ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കും. വ്യാജപ്പേരില്‍ പരാതി അയയ്ക്കുന്നവരുമുണ്ട്. വ്യാജനേത്, ഒറിജിനലേത് എന്നന്വേഷിക്കാനൊന്നും ഒരു അന്വേഷണ ഏജന്‍സിയും’ ശ്രമിക്കാറില്ല.

കരാറുകാരനെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരാതി അയയ്ക്കുന്നവരാണ് അധികവും. ഉടമകളെന്ന നിലയിലോ കാവല്‍ക്കാര്‍ എന്ന നിലയിലോ ഉള്ള ചുമതല നിര്‍വ്വഹിക്കലല്ല,മറിച്ച് കരാറുകാരനെ പിഴിയാന്‍ കഴിയാത്തതിന്റെ വൈരാഗ്യം തീര്‍ക്കലാണു് പരാതികളില്‍ ബഹു ഭുരിപക്ഷവും. അത്തരക്കാരെ സഹായിക്കുന്ന തരത്തിലാകരുതു് അന്വേഷണങ്ങള്‍. സമയബന്ധിതമായും സത്യസന്ധമായും മാത്രമേ അന്വേഷണങ്ങള്‍ നടക്കാവൂ. നിരപരാധികളെ ശിക്ഷിക്കുന്ന തരത്തിലാകരുത്.

അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തന ശൈലി മാറ്റുവാന്‍ സര്‍ക്കാര്‍ ഒട്ടും വൈകരുത്. കുറ്റങ്ങള്‍ക്ക് ശിക്ഷയാകാം.പക്ഷേ അന്വേഷണം ഒരു ശിക്ഷയാകരുത്. കരാറുകാരനുണ്ടാകുന്ന നഷ്ടം തെറ്റായ പരാതികള്‍ അയയ്ക്കുന്നവരില്‍ നിന്നും ഈടാക്കി നല്‍കാനും വ്യവസ്ഥ വേണം.

3 Replies to “പണികള്‍ മുടക്കാനും ബില്ലുകള്‍ തടയാനും മാത്രമുള്ള പരാതികളും അന്വേഷണങ്ങളും വര്‍ദ്ധിക്കുന്നു”

  1. കരാറുകാരനുണ്ടാകുന്ന നഷ്ടം തെറ്റായ പരാതികള്‍ അയയ്ക്കുന്നവരില്‍ നിന്നും ഈടാക്കി നല്‍കാനും വ്യവസ്ഥ വേണം.

Leave a Reply

Your email address will not be published. Required fields are marked *