വര്‍ഗീസ് കണ്ണമ്പള്ളി
ഒരു പ്രവര്‍ത്തിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ എത്ര ശതമാനം പ്രസ്തുത പ്രവര്‍ത്തിക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന ചോദ്യം പലരില്‍ നിന്നും കേള്‍ക്കാറുണ്ട്. 2022 ജനുവരി 1 മുതല്‍ പ്രവര്‍ത്തികളിന്മേലുള്ള ജി.എസ്.ടി 18 ശതമാനമാണ്. കരാറുകാരന്റെ ലാഭവിഹിതം 10 ശതമാനവും ഓവര്‍ ഹെഡ്ഡ് ചെലവു വിഹിതം 5 ശതമാനവുമാണ്. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയ്ക്കായി 1 ശതമാനം മാറ്റിവയ്ക്കണം. ജി. എസ്. ടി, ഐ.ടി റിട്ടേണുകള്‍ തയ്യാറാക്കല്‍, കണക്കെഴുത്ത് തുടങ്ങിയവയ്ക്ക് 1 ശതമാനമെങ്കിലും കൂടി ചെലവഴിക്കണം.
കരാറുകാരുടെ പ്രവര്‍ത്തന മൂലധനത്തിന് 10 ശതമാനം പലിശയെങ്കിലും വേണ്ടിവരും. കുടിശ്ശികയുടെ കാലാവധി വര്‍ദ്ധിക്കുന്നതനുസരിച്ച് ഇതും വര്‍ദ്ധിക്കും. ESI ,EPF വിഹിതങ്ങള്‍ ,പണിയുടെ നടത്തിപ്പില്‍ വേണ്ടി വരുന്ന മറ്റ് ചെലവുകള്‍ ,വിലക്കയറ്റം മൂലമുണ്ടാകുന്ന അധിക ചെലവുകന്‍ , ഇന്‍ഷ്വറന്‍സ് തുകകള്‍, പിന്നെ നാട്ടുനടപ്പുപ്രകാരമുള്ള അധിക ചെലവുകള്‍ , കരാറുകാരന്റെ യാത്ര ചെലവുകള്‍, സുപ്രവൈസറി ചെലവുകള്‍ തുടങ്ങിയവ 5 ശതമാനം ഓവര്‍ ഹെഡ്ഡ് വിഹിതത്തില്‍ ഒതുങ്ങില്ല. ഒരു 10 ശതമാനമെങ്കിലും അധികമായി വേണ്ടിവരും.
ഇനി 45 ശതമാനം ബാക്കിയുണ്ട്. അതില്‍ ഒട്ടും കൂടുതല്‍ പണിക്കു വേണ്ടി മുടക്കാന്‍ കരാറുകാരന് കഴിയില്ല.അതില്‍ കൂടുതല്‍ മുടക്കിയാല്‍ കരാറുകാരന് ലഭിക്കേണ്ട 10 ശതമാനം ലാഭത്തില്‍ കുറവ് വരും. നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതനുസരിച്ച് ലാഭം വീണ്ടും കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകും. ചിലപ്പോള്‍ മുടക്കുമുതലിലും കള്ളന്‍ കയറും. കടക്കെണി, ജപതി , പിന്നെ ആത്മഹത്യ പോലും സംഭവിക്കാം.
നാലാം ക്ലാസില്‍ കണക്കു പഠിപ്പിച്ചപ്പോള്‍ ശങ്കരക്കുറുപ്പു സാര്‍ പറഞ്ഞതു് വിറ്റ വിലയില്‍ നിന്നും സകല ചെലവുകളും കഴിച്ചുള്ളതാണു് ലാഭമെന്നാണ്. അതു് ശരിയാകണമെങ്കില്‍ ഭരണാനുമതി തുകയുടെ 45 ശതമാനത്തില്‍ കൂടുതല്‍ പണിയില്‍ മുടക്കരുത്. ശങ്കരക്കുറുപ്പു സാര്‍ നല്ല കിഴുക്ക് തന്നാണ് കണക്ക് പഠിപ്പിച്ചത്. അത് തെറ്റിക്കാന്‍ ഞാനില്ല.
കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
അങ്ങനെയെങ്കിൽ നമ്മുടെ എസ്റ്റിമേറ്റ് വെച്ചു എങ്ങനെ വർക് ചെയ്യും. നന്നായി പണി ചെയ്യുന്ന എല്ലാവരും നഷ്ടത്തിൽ ആകില്ലേ.18%GST+10%CP+10%OH പോലും പണിക്കു ശേഷം മീതിയുണ്ടാകും എന്നു തോന്നുന്നില്ല.