ചെന്നൈ. ഡിസംബര്‍ 6. കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്നാടുമായി കൈകോര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതല്‍ സഹരണമാവശ്യപ്പെട്ടു തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി ആര്‍.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി വേല്‍ ത്യാഗരാജനുമായി ചെന്നൈയില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇത് അറിയിച്ചത്.
ഭാരത് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതോട് കൂടി ഇന്ന് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനത്തില്‍ കുറവുണ്ടാകും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നുള്ളത് കൊണ്ട് അത് നികത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
സംസ്ഥാനങ്ങളിലെ പൊതുഗതാഗത സര്‍വ്വീസുകള്‍ ദേശീയ പാതയില്‍ ഭീമമായ ടോള്‍ നല്‍കേണ്ടി വരുന്നു. കേരള സര്‍ക്കാര്‍ പ്രതി മാസം 2 കോടി രൂപയും, തമിഴ്നാട് സര്‍ക്കാര്‍ പ്രതിമാസം 14 കോടി രൂപയുമാണ് ടോള്‍ നല്കു ന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പൊതു ഗതാഗത വകുപ്പുകളുടെ പൊതുവിലുള്ള സാമ്പത്തിക അവസ്ഥ പരിഗണിച്ച് കൊണ്ട് പൊതുഗതാഗത സംവിധാനങ്ങളെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കണമെന്നുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കും.
കേരളം- തമിഴ്നാട് ചെക്ക് പോസ്റ്റുകളിള്‍ ദൈനം ദിനമായി ഉണ്ടാകുന്നപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി രണ്ട് സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍, എന്നിവരെ ചേര്‍ത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി രൂപീകരിക്കണമെന്നും കേരളം നിര്‍ദ്ദേശിച്ചു. തമിഴ്നാടുമായുള്ള അന്തര്‍ സംസ്ഥാന വാഹന പെര്‍മിറ്റിനെ സംബന്ധിച്ച് സെക്രട്ടറി തലത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
കോവിഡ് കാരണം തമിഴ്നാട്ടില്‍ നിന്നും പമ്പയിലേക്ക് വരുന്ന ബസുകള്‍ നേരത്തെ നിലയ്ക്കല്‍ വരെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. എന്നാല്‍ തമിഴ്നാടിന്റെ ആവശ്യപ്രകാരം പമ്പ വരെ കടത്തി വിടാനും തീരുമാനിച്ചു.