തിരുവനന്തപുരം: നോക്കുകൂലി പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡി.ജി.പി നിർദ്ദേശം നൽകുന്ന സ്ഥിതി വരെ ഉണ്ടാകുമ്പോൾ അനുസ്മരിക്കപ്പെടേണ്ടതു് ‘ബിൽഡേഴ്സ് അസോസിയേഷൻ ദേശിയ വൈസ് പ്രസിഡൻ്റായിരുന്ന പരേതനായ പി.കെ.രാമചന്ദ്രനെയാണ്.
തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രി കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ തൊഴിലാളി യൂണിയനുകൾക്കെതിരെ അദ്ദേഹം കേരള ഹൈക്കോടതിയിൽ നിന്നും സമ്പാദിച്ച വിധിയായിരുന്നു തുടക്കം. സൈറ്റിൽ അനുയോജ്യരായ തൊഴിലാളികളെ നിയോഗിക്കുന്നതിനുള്ള കരാറുകാരൻ്റെ അവകാശം നിഷേധിക്കപ്പെട്ടു. ചെയ്യാത്ത ജോലിയ്ക്കു പോലും കൂലി നൽകേണ്ട സ്ഥിതിയും ഉണ്ടായി.
തൊഴിൽ പ്രശ്നങ്ങളിൽ പോലീസ് ഇടപെടേണ്ട എന്ന നിലപാടാണു് ഭരണകൂടങ്ങൾ സ്വീകരിച്ചതു്.
ഒരു രാഷ്ട്രീയ കക്ഷിയും നീതിയ്ക്കൊപ്പം നിലകൊള്ളാൻ തയ്യാറായില്ല. കരാറുകാരുടെ സംഘടനകൾ ദുർബലവും. അതിസാഹസീയമായ ചെറുത്തു നില്പാണ് പി.കെ.ആർ നടത്തിയതു്. വ്യക്തിപരമായി ഒട്ടേറെ നഷ്ടങ്ങൾ അദ്ദേഹത്തിനുണ്ടായി. പിന്നീട് കരാറുകാർ ഓരോരുത്തരായി കോടതിയെ സമീപിക്കാനും പോലീസ് സംരക്ഷണത്തോടു കൂടി പണികൾ നടത്താനും തുടങ്ങി. പി.കെ.ആർ നേടിയ വിധിയാണ് എല്ലാവരും ഉയർത്തിക്കാണിച്ചത്.
2018 ജൂലൈ 4-ന് പി.കെ.ആർ നമ്മേ വിട്ടു പിരിഞ്ഞു. ഇപ്പോൾ സർക്കാരും കോടതിയും പോലീസും നോക്കുകൂലിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നു. അനുയോജ്യരായതൊഴിലാളികളെ ആവശ്യത്തിനനുസരിച്ചു മാത്രം നിയോഗിക്കാനുള്ള അവകാശം കരാറുകാർക്ക് ഇപ്പോഴും എല്ലയിടത്തും ലഭിക്കുന്നില്ല. ന്യായമായ കൂലികൾ നിശ്ചയിക്കാനുള്ള സംവിധാനമില്ല. ജില്ലാ കളക്ടർമാരുടെ സാന്നിദ്ധ്യത്തിൽ ഉണ്ടാക്കുന്ന ധാരണകൾ പാലിക്കപ്പെടുന്നില്ല. യഥാർത്ഥ കൂലി എൽ.എം.ആറിലോ, ഷെഡ്യുളിലോ ഉൽപ്പെടുത്തുന്നുമില്ല. സംരംഭകരുടെ ഉത്തര താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇനിയും കൂടുതൽ കൂടുതൽ പോരാട്ടങ്ങൾ ആവശ്യമാണ്. പി.കെ.രാമചന്ദ്രൻ്റെ ത്യാഗവും പോരാട്ട വീര്യവും കേരള കരാറുകാർക്ക് എന്നെന്നും പ്രചോദനമായിരിക്കും.