തിരുവനന്തപുരം.
കേരള വാട്ടർ അതോരിറ്റിയിലെ മെയ്ൻ്റനൻസ് കരാറുകാരുകാരുൾപ്പെടെ പണികൾ നിറുത്തിവച്ച് അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. ഡിസംബർ 4- ന് തിരുവനന്തപുരത്ത് ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗം സമരം പ്രഖ്യാപിക്കും.
അറ്റകുറ്റപണികൾ ചെയ്യുന്ന കരാറുകാരുടെ 18 മാസം മുൻപു വരെയുള്ള ബില്ലുകൾ കുടിശ്ശികയാണ്.
സ്റ്റേറ്റ് ഫണ്ട് ബില്ലുകളുടെ പണത്തിനു പകരം കരാറുകാർക്ക് വായ്പ നൽകുന്ന വിചിത്രമായ രീതിയാണ് വാട്ടർ അതോരിറ്റിയിൽ ഉള്ളത്. അത് തെറ്റാണെന്ന് ഹൈക്കോടതി വിധിച്ചിട്ടും വായ്പ തുകയുടെ പലിശ തിര്യേ നൽകാനോ ബിൽ കുടിശ്ശിക തീർക്കാനോ നടപടിയില്ല. ജലജീവൻ പദ്ധതിക്കു വേണ്ടി കഴിഞ്ഞ സാമ്പത്തിക വർഷം ചെയ്തതുപോലെ ഈ വർഷവും ആഗോള ടെണ്ടറുകളുടെ പുറകെ പോയി ഏറെ സമയം പാഴാക്കി.
വീടുകളിൽ കണക്ഷൻ നൽകാനുള്ള പദ്ധതി ചെറുകിട -നാമമാത്ര -ഇടത്തരം കരാറുകാർക്കാണ് ഏറ്റവും മികച്ച രീതിയിൽ ചെയ്യാൻ കഴിയുന്നത്. എന്നാൽ അവരെ ഒഴിവാക്കാനാണ് വാട്ടർ അതോരിറ്റി ശ്രമിക്കുന്നതു്. 2021 ലെDSRനടപ്പാക്കാനും തയ്യാറാകുന്നില്ല. പൈപ്പുകളുടെ വിലകൾ ഇരട്ടിയിലധികമായിട്ടും നഷ്ടപരിഹാരം നൽകുന്നില്ല. കുടിശ്ശിക തീർക്കാനുള്ള പ്രൊപ്പോസൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുപോലും ഇതുവരെ തയ്യാറാക്കി നൽകാൻ തയ്യാറായിട്ടില്ല.
അതിനാൽ പണികൾ നിറുത്തിവയ്ക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.