പൊതു നിർമ്മിതികളുടെ നടത്തിപ്പിൽ പരമാവധി സുതാര്യത കൊണ്ടുവരാനുള്ള പൊതുമരാമത്ത് മന്ത്രി ബഹു പി.എ.മുഹമ്മദ് റിയാസിൻ്റെ നടപടികളെ ഇന്നലെ ചേർന്ന കേരളാ ഗവ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
ശുപാർശക്കാരെ ഒഴിവാക്കാനുള്ള മന്ത്രിയുടെ തീരുമാനത്തെ അസോസിയേഷൻ സ്വാഗതം ചെയ്തിരുന്നു. കരാറുകാരുടെ സംഘടനാ നേതാക്കളുമായുള്ള നിരന്തര ചർച്ചകൾ, ചീഫ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്സി ക്യൂട്ടീവ് എഞ്ചിനീയർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ തലങ്ങളിലുള്ള പീരിയോസിക്കൽ കോൺ ഫ്രൻസുകൾ തുടങ്ങിയവ പ്രവർത്തികളുടെ നടത്തിപ്പിൻ്റെ വേഗത കൂട്ടും.
ലളിതമായ തർക്കപരിഹാര സംവിധാനം കൂടി രൂപീകരിച്ചാൽ കരാറുകാരെ കോടതി കയറ്റത്തിൽ നിന്നും രക്ഷിക്കാം. ഗുണമേന്മ ഉറപ്പു വരുത്തേണ്ട ചുമതല കരാറുകാരുടേതാണ്. സമയബന്ധിതമായ ഗുണമേന്മാ ഓഡിറ്റിംഗ് നടത്താനുള്ള ബാദ്ധ്യത ഉദ്യോഗസ്ഥന്മാർക്കുമുണ്ട്. തടസങ്ങൾ നീക്കാനുള്ള ഉത്തരവാദിത്വം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമാണ്. സാങ്കേതിക പൂർണ്ണതയുള്ള നിർമ്മിതികൾക്ക് രൂപകല്പന നടത്തുന്നതിനെക്കാൾ , അനുവദിക്കുന്ന ഫണ്ടിനനുസരിച്ച് അടങ്കലുകളുണ്ടാക്കാൻ വിധിക്കപ്പെട്ടവരാണ് എഞ്ചിനീയറന്മാർ. മറ്റ് മാർഗ്ഗമില്ലാത്തതിനാൽ കരാറുകാർ നിർമ്മിതികൾ തട്ടിക്കൂട്ടുന്നു.എല്ലാ പഴികളും അവർ ഏറ്റു വാങ്ങുന്നു.
സാങ്കേതിക പൂർണ്ണത ഉറപ്പു വരുത്തി മാത്രം രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കിയാൽ മതി എന്നൊരു കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയാൽ പൊതു നിർമ്മിതികളുടെ കെട്ടും മട്ടും മാറും.ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഇമേജ് വർദ്ധിക്കും.
പൊതു നിർമ്മിതികളുടെ യഥാർത്ഥ ഉടമകളാണ് ജനങ്ങൾ .അവർ വെറും കാഴ്ചക്കാരും കാവൽക്കാരുമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാണ് ,കാവൽക്കാർ. ശമ്പളവും പെൻഷനും ജനങ്ങൾ അവർക്ക് നൽകുന്നുണ്ട്. കാവൽക്കാർ സത്യസന്ധരും കാര്യക്ഷമത ഉള്ളവരുമാകണം.
എൻ്റെ റോഡ്, എൻ്റെ പാലം എന്ന പ്രയോഗം ഒരു ജന പ്രതിനിധിക്കും ഉദ്യോഗസ്ഥനും ചേർന്നതല്ല. അങ്ങനെ ഭാവിച്ചവർ ഒറ്റപ്പെടുകയാണുണ്ടായത്.
റോഡിൽ അവശ്യം വേണ്ട റോഡ് ഫർണിച്ചറുകൾ പോലും ഒരുക്കുന്നില്ല. അതിനാണ് ബഹു മന്ത്രി മുൻകൈ എടുക്കേണ്ടത്.ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന സംസ്ഥാനമെന്ന ദുഷ്പേര് മാറ്റണം. ഡിജിറ്റൽ റോഡുകളും ഡ്രൈവറില്ലാ വാഹനങ്ങളും ആസന്നമാണ്. എല്ലാ റോഡുകൾക്കും ഗതാഗത തിരക്കിനനു സരിച്ചുള്ള വീതിയുണ്ടോ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ആക്സിൽ ലോഡിനനുസരിച്ചുള്ള ഉപരിതലം ഉണ്ടോ എന്നൊക്കെ വ്യക്തമാക്കുന്ന ബോർഡുകൾ കൂടി വയ്ക്കണം. സാങ്കേതിക പൂർണ്ണതയില്ലാത്ത റോഡുകളുടെ വൈകല്യ ബാദ്ധ്യതയിൽ നിന്നും കരാറുകാരെ ഒഴിവാക്കണം.