കരാറുറപ്പിച്ചതിനു ശേഷം ഒരു പ്രവർത്തിയുടെ നടത്തിപ്പിൽ ഉണ്ടാകുന്ന തടസങ്ങൾ നീക്കം ചെയ്യാനും പ്രവർത്തി പൂർത്തികരിക്കാൻ കരാറുകാരന് ആവശ്യമായ സഹായങ്ങൾ നൽകാനും ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണ്. എന്നാൽ പ്രശ്നങ്ങളെല്ലാം കരാറുകാരൻ സ്വയം പരിഹരിക്കട്ടെ എന്ന നിലപാടാണ് പല ഉദ്യോഗസ്ഥർക്കുമുള്ളത്. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുക ,ജല അതോരിറ്റിയുടെ പൈപ്പുകൾ മാറ്റുക, പഴയ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യുക തുടങ്ങിയവയുടെയെല്ലാം ഉത്തരവാദിത്വം കരാറുകാരനിൽ അടിച്ചേല്പിക്കുകയാണ്. തടസമില്ലാതെ യഥാസമയം സൈറ്റ് കൈമാറാൻ പലരും താല്പര്യം കാണിക്കുന്നില്ല. എന്നാൽ പ്രവർത്തികൾ കരാറുകാരൻ്റെ നഷ്ടോത്തരവാദിത്വത്തിൽ(Risk & Cost) പ്രവർത്തി- റീ ടെണ്ടർ ചെയ്യാൻ ചിലർ മത്സരിക്കുകയുമാണ്. ബാഹ്യസമ്മർദ്ദം മൂലം റിസ്ക് ആൻഡ് കോസ്റ്റ് ഏർപ്പെടുത്താൻ നിർബന്ധിതരാകുന്ന എഞ്ചിനീയറന്മാരും ഉണ്ട്. ഹൈക്കോടതിൽ ഹർജി നൽകി നഷ്ടോത്തരവാദിത്വത്തിൽ നിന്നും ലൈസൻസ് റദ്ദാക്കലിൽ നിന്നും ഒഴിവാക്കപ്പെടേണ്ട ഗതികേടിലാണ് കരാറുകാർ. അത്തരത്തിലുള്ള ഹൈക്കോടതി വിധികളുടെ ഒരു കെട്ട് ബഹു.പൊതുമരാമത്ത് മന്ത്രിക്ക് നൽകാൻ കെ..ജി.സി.എ തയ്യാറെടുക്കുകയാണ്.
ഓരോ പ്രവർത്തിയും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടമെങ്കിൽ നിരവധി ഘടകങ്ങൾ ഒത്തുചേരണം. ടെണ്ടർ കഴിഞ്ഞാൽ എത്രയും വേഗം എഗ്രിമെൻ്റ് വയ്ക്കാനുള്ള സാഹചര്യം ഉണ്ടാകണം.തടസങ്ങളില്ലാതെ സൈറ്റ് ലഭ്യമാക്കണം. അളവുകൾ രേഖപ്പെടുത്താനും പാർട്ട് ബില്ലുകൾ തയ്യാറാക്കാനും പണം ലഭ്യമാക്കാനും കാലതാമസം ഉണ്ടാകരുതു്. മേൽനോട്ട സംവിധാനം ഒപ്പമുണ്ടാകണം. വേലി വിളവ് തിന്നുന്ന സാഹചര്യം ഒഴിവാക്കണം. ഒട്ടേറെ ആളുകളെ വിശ്വസിച്ചും ആശ്രയിച്ചുമാണ് കരാറുകാരൻ ഓരോ പ്രവർത്തിയും മുന്നോട്ടു കൊണ്ടു പോകുന്നത്. തർക്കപരിഹാരത്തിനുള്ള സംവിധാനത്തിൻ്റെ അഭാവമാണു് കരാറുകാരുടെ മേൽ കുതിര കയറാൻ പലരേയും പ്രേരിപ്പിക്കുന്നതു്. ചില ഉദ്യോഗസ്ഥരുടെ റിസ്ക് ആൻഡ് കോസ്റ്റ് മാനിയ അവസാനിപ്പിക്കുക തന്നെ വേണം.തർക്ക പരിഹാരത്തിന് സംസ്ഥാന ജില്ലാ തലങ്ങളിൽ നിയമാധിഷ്ഠിത സംവിധാനം രൂപീകരിക്കണം .